ശബരിമല: തീർഥാടകർക്ക് അയ്യപ്പ ദർശനം സുഗമമാക്കുന്നതിന് ശ്രീകോവിലിലും സോപാനത്തും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പതിനെട്ടാം പടി കയറാൻ കൂടുതൽ സമയം കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ വെർച്വൽ ക്യൂവിൽ നിശ്‌ചയിച്ച സമയം കർശനമാക്കി. ദർശനത്തിനായി ഒന്നാം നിരയിൽ എത്തുന്നവർക്ക് ശരിയായി നിന്ന് തൊഴുന്നതിനായി ബാരിക്കേഡ് പരിഷ്‌കരിച്ചു.
നേരത്തെ പിച്ചള പൊതിഞ്ഞ വലിയ പതിപ്പായിരുന്നു ഉണ്ടായിരുന്നത്. അതുമാറി ശ്രീകോവിലിന്റെ മുൻപിൽ ‘റ’ ആകൃതിയിലുള്ള പുതിയ ബാരിക്കേഡ് സ്‌ഥാപിച്ചു. ഇതുകാരണം സോപാനത്തേക്ക് അൽപ്പംകൂടി കയറിനിന്ന് തൊഴുന്നതിനും കൂടുതൽ പേരെ ഉൾക്കൊള്ളുന്നതിനും സാധിച്ചു.
ദർശന സമയത്ത് അയ്യപ്പവിഗ്രഹം ശരിയായി കാണുന്നില്ലെന്ന പരാതിക്ക് പരിഹാരമായി ശ്രീകോവിലിലെ നിലവിളക്കുകളിൽ തിരിയുടെ കട്ടി കൂട്ടി. ദീപങ്ങൾ ശരിയായി തെളിയുന്നുണ്ടെന്ന് മേൽശാന്തിയും പരികർമികളും ശ്രദ്ധിക്കും. അഭിഷേക സമയത്ത് അയ്യപ്പന്റെ മുഖം ശരിയായി കാണുന്ന വിധത്തിൽ നെയ്യ് വേഗം നീക്കണമെന്നായിരുന്നു മറ്റൊരു നിർദ്ദേശം.
വെർച്വൽ ക്യൂവിൽ നിർദ്ദേശിച്ച സമയത്തുതന്നെ പമ്പയിൽ എത്തണമെന്നാണ് പോലീസ് നൽകുന്ന കർശന നിർദ്ദേശം. നേരത്തെ സമയം നോക്കാതെയാണ് പോലീസ് വെർച്വൽ ക്യൂ പാസ് പരിശോധിച്ച് കടത്തിവിട്ടിരുന്നത്.
എല്ലാ ദിവസവും പുലർച്ചെ മൂന്നിന് നട തുറക്കും. 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം. ഉച്ചപൂജയ്‌ക്ക് ശേഷം ഒന്നിന് നട അടച്ചാൽ വൈകീട്ട് മൂന്നിന് തുറക്കും. രാത്രി 11ന് ഹരിവരാസനം. ഡിസംബർ 27നാണ് മണ്ഡലപൂജ. അന്ന് രാത്രി നട അടക്കുന്നതോടെ മണ്ഡലകാല തീർഥാടനത്തിന് സമാപനമാകും. മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകീട്ട് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്‌തർക്ക് ദർശനം നടത്താം. 20ന് നട അടയ്‌ക്കും.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































