കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമയും ഡയറക്ടറുമായ കെഡി പ്രതാപന്റെ ജാമ്യം റദ്ദാക്കി. തിങ്കളാഴ്ച കീഴടങ്ങാൻ കോടതി പ്രതാപന് കർശന നിർദ്ദേശം നൽകി. പിഎംഎൽഎ കോടതിയുടേതാണ് നടപടി. കെഡി പ്രതാപന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് കോടതി ഇടപെടൽ.
നേരത്തെ, 19 മാസം തടവിലായിരുന്ന പ്രതാപന് കോടതി ജാമ്യം നൽകിയിരുന്നു. കേസിൽ വിചാരണ തുടങ്ങാത്ത സാഹചര്യം പരിഗണിച്ചും മറ്റു കാരണങ്ങളൊന്നും കണ്ടെത്താതെയുമായിരുന്നു അന്ന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് പിഎംഎൽഎ കോടതി മുൻ ഉത്തരവ് വീണ്ടും പുനഃപരിശോധിച്ചതും പ്രതാപന്റെ ജാമ്യം റദ്ദാക്കാൻ തീരുമാനിച്ചതും.
ഓൺലൈൻ വഴി പലചരക്ക് ഉൾപ്പടെ സാധനങ്ങൾ വിൽക്കുന്ന കമ്പനി ഓൺലൈൻ മണിചെയിൻ അടക്കം ആരംഭിക്കുകയും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളിൽ നിന്ന് നിക്ഷേപം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. 2024 ജൂലൈ മാസത്തിലാണ് ഹൈറിച്ച് വഴി 3141 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തുവരുന്നതും കമ്പനി ഉടമ പ്രതാപനെ ഇഡി അറസ്റ്റ് ചെയ്യുന്നതും.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 1651 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി വ്യക്തമാക്കി ഇഡി കോടതിയിൽ ഒന്നാംഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ പ്രതികളുടെ 277 കോടി രൂപയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. ആയിരം കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടിലാണ് ഇഡി ഹൈറിച്ചിനെതിരെ അന്വേഷണം നടത്തിവരുന്നത്.
Most Read| കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത




































