കീവ്: യുക്രൈനിൽ റഷ്യ നടത്തിയ ജെറ്റ് ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്‌ഥർ അറിയിച്ചു. മധ്യ യുക്രൈനിലെ ഡിനിപ്രോയിലുള്ള റെയിൽവേ സ്‌റ്റേഷനിൽ രണ്ട് ട്രെയിനുകൾക്ക് നേരെയായിരുന്നു റഷ്യയുടെ ആക്രമണം.
സബർമൻ ഇലക്‌ട്രിക് ട്രെയിനും യാത്രാ ട്രെയിനും നിർത്തിയിട്ടിരുന്ന പ്ളാറ്റ്‌ഫോമിലേക്കാണ് ഡ്രോൺ പതിച്ചത്. ട്രെയിൻ കയറുന്നതിനായി ആളുകൾ തിങ്ങിനിറഞ്ഞ സമയത്തായിരുന്നു ആക്രമണം. അതേസമയം, ആക്രമണത്തെ യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി ശക്‌തമായി അപലപിച്ചു.
എക്‌സിൽ പങ്കുവെച്ച പോസ്‌റ്റിൽ, റഷ്യക്കെതിരായ ഉപരോധങ്ങൾ കൂടുതൽ ശക്‌തമാക്കണമെന്ന് സെലെൻസ്‌കി ആവശ്യപ്പെട്ടു. യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെയും അവരുടെ യുദ്ധ സംവിധാനങ്ങൾക്ക് എതിരേയുമുള്ള നടപടികൾ ലഘൂകരിക്കരുതെന്നും യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ജി7 കൂട്ടായ്‌മ എന്നിവർ റഷ്യക്കുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും സെലെൻസ്‌കി അഭ്യർഥിച്ചു.
Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം





































