കോഴിക്കോട്: സംസ്‌ഥാന സ്‌കൂൾ കായികമേളയിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്‌റ്റിൽ. എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസ് (35) ആണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്. എറണാകുളം ശാലേം വിഎച്ച്എസിലെ അധ്യാപകനാണ്.
കായികമേളയിൽ ഭക്ഷണവിതര കേന്ദ്രത്തിൽ നിന്നാണെന്ന വ്യാജേന ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സാമൂഹിക മാദ്ധ്യമങ്ങളിൽ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. സർക്കാരിനെതിരെ വ്യാപക വിമർശനം ഉയരാൻ ഇത് ഇടയാക്കിയിരുന്നു. കോഴിക്കോട് നടക്കുന്ന കായികമേളയുടെ പ്രതിച്‌ഛായ തകർക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും മന്ത്രിയുടെയും പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.
കായികമേളയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനഃപൂർവം വ്യാജ വാർത്ത നിർമിച്ച് പ്രചരിപ്പിച്ചുവെന്നാണ് കുന്ദമംഗലം പോലീസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന എഫ്ഐആറിലുള്ളത്. പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തിയതിനും സമാധാനാന്തരീക്ഷം തകർത്തതിനുമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അറസ്‌റ്റിലായ അധ്യാപകൻ ജിജോ കോൺഗ്രസ് പ്രവർത്തകനാണ്. വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലേക്ക് മൽസരിച്ചിട്ടുണ്ട്. ഹാമർത്രോ ദേശീയ താരമായിരുന്നു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ രംഗത്തെത്തി.
കായികമേളയിൽ ചിലർ ബോധപൂർവം പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണെന്നും സർക്കാർ മാറിയെന്നതുകൊണ്ട് എല്ലാത്തിലും പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീർക്കാൻ വേണ്ടി ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പഴയ സിനിമകളിലെ നമ്പറാണ് ഇറക്കിയത്. ഇത്തരം വാർത്ത സൃഷ്‌ടിക്കാൻ ചില മാദ്ധ്യമങ്ങളും മുൻപന്തിയിലുണ്ട്. ഇതിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. പിടിയിലായ അധ്യാപകനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| 60,000 ജീവനക്കാരെ ഒഴിവാക്കാൻ മൈക്രോസോഫ്റ്റ്; ഇന്ത്യയിൽ നിക്ഷേപം തുടരും




































