കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവായ അഡീഷണൽ ജഡ്‌ജിയുടെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു. ഇരിങ്ങാലക്കുട മോട്ടോർ ആക്‌സിഡന്റ് ക്ളയിംസ് ട്രൈബ്യൂണൽ ചുമതലയുള്ള അഡീഷണൽ സെഷൻസ് ജഡ്‌ജി റിനോ ഫ്രാൻസിസ് സേവ്യറിന്റെ അറസ്‌റ്റാണ് കോടതി തടഞ്ഞത്.
ജഡ്‌ജി പോലീസിന്റെ അന്വേഷണവും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണെന്നും കോടതി ചോദിച്ചു. പോലീസ് കേസെടുത്തതിനെ തുടർന്ന് മുൻകൂർ ജാമ്യം തേടി ജഡ്‌ജി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അപേക്ഷകൻ നിലവിൽ സേവനത്തിനുള്ള ഒരു ജുഡീഷ്യൽ ഓഫീസറാണെന്നും അദ്ദേഹം നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. പിന്നാലെയാണ് തുടർ നടപടികൾ ഉണ്ടാകുന്നതുവരെ അപേക്ഷകനെ അറസ്‌റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടത്.
കഴിഞ്ഞദിവസം അഡീഷണൽ ജഡ്‌ജിയെ പോലീസ് ചോദ്യം ചെയ്‌തിരുന്നു. പ്രായപൂർത്തിയാകാത്ത മകൻ കാറുമായി പുറത്തുപോയത് തന്റെ അറിവോടെയല്ലെന്ന മൊഴി ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിലും ജഡ്‌ജി ആവർത്തിച്ചു. ജഡ്‌ജിയെ പോലീസ് ക്ളബിലേക്ക് വിളിച്ചുവരുത്തിയാണ് ജില്ലാ ക്രൈം ബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്‌തത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































