കൊച്ചി: ചേരാനല്ലൂരിൽ സ്‌കൂട്ടർ യാത്രികൻ കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ 17കാരന്റെ പിതാവിനെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടോർ ആക്‌സിഡന്റ് ക്ളയിംസ് ട്രൈബ്യൂണൽ ചുമതലയുള്ള അഡീഷണൽ സെഷൻസ് ജഡ്‌ജി റിനോ ഫ്രാൻസിസ് സേവ്യറിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.
പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയതിനെ തുടർന്നുണ്ടായ അപകടത്തിൽ, ആർസി ഓണർ എന്ന നിലയിലാണ് ജഡ്‌ജിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. മൂന്നുവർഷത്തെ തടവും 25000 രൂപ പിഴയും വിധിക്കാവുന്ന വകുപ്പാണിത്.
ഞായറാഴ്‌ച പുലർച്ചെ മൂന്നുമണിയോടെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജഡ്‌ജി റിനോ ഫ്രാൻസിസിന്റെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ തട്ടുകട ഉടമയായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്‌ണൻ (55) മരിച്ചത്.
വാഹന ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ പോലീസ് തുടക്കത്തിൽ മടികാണിച്ചെന്ന ആരോപണം ഉയർന്നിരുന്നു. പിന്നീട്, ജയബാലകൃഷ്‌ണന്റെ കുടുംബത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഒടുവിലാണ് പ്രതിയുടെ പിതാവിനെതിരെ കേസെടുത്തത്. കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തിൽ ഹൈക്കോടതി റിപ്പോർട് തേടിയിട്ടുണ്ട്. പ്രതിയായ 17 കാരനെ ജുവനൈൽ ജസ്‌റ്റിസ് ബോർഡ് ജാമ്യത്തിൽ വിട്ടിരുന്നു. ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ജയബാലകൃഷ്‌ണന്റെ കുടുംബം. പ്രതിയെ വീണ്ടും കസ്‌റ്റഡിയിൽ എടുക്കണമെന്നും പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ജയബാലകൃഷ്‌ണന്റെ മക്കളുടെ ആവശ്യം.
Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്


































