സമഗ്ര വികസന പദ്ധതി ‘ചക്‌ദേ പൊന്നാനി’യുമായി എംഎൽഎ നൗഷാദ് അലി

മണ്ഡലത്തിലെ വികസനം ഉൾപ്പടെയുള്ള വിവരങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളിലേക്ക് ക്രോഡീകരിച്ച് എംഎൽഎ ഓഫീസിലെ ഡിജിറ്റൽ ഡാഷ്‌ബോർഡിലൂടെ ഓരോ വാർഡിലുമുള്ള ആവശ്യങ്ങളും വിവരങ്ങളും വികസനവും നിരീക്ഷിക്കാനും കൃത്യമായ ഇടപെടലുകൾ നടത്താനും സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

By Senior Reporter, Malabar News
mla-kp-naushad-ali-chakde-ponnani
Image Source: MLA’s Office | Designed by Team MN Creatives

മലപ്പുറം: പൊന്നാനി മണ്ഡലത്തിന്റെ സമഗ്രവും സുസ്‌ഥിരവുമായ വികസനം ലക്ഷ്യമിട്ട് കെപി നൗഷാദ് അലി എംഎൽഎയുടെ നേതൃത്വത്തിൽ ‘ചക്ദേ പൊന്നാനി’ / ‘Chakde Ponnani‘ എന്ന പേരിൽ സംയോജിത പദ്ധതി പ്രഖ്യാപിച്ചു. വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് പൊതുനൻമ ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്.

മണ്ഡലത്തിലെ 180 വാർഡുകളിലും NSS വിദ്യാർഥികൾ, ആശാ വർക്കർമാർ, അങ്കണവാടി അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടെ പ്രത്യേക ആപ്‌ളിക്കേഷൻ വഴി വിപുലമായ സർവേ നടത്തും. സർവേയിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരിക്കും പദ്ധതികൾ നടപ്പാക്കുക. വിവരങ്ങൾ ക്രോഡീകരിച്ച് എംഎൽഎ ഓഫീസിൽ സജ്‌ജമാക്കുന്ന ഡിജിറ്റൽ ഡാഷ്‌ബോർഡിലൂടെ ഓരോ വാർഡിലെയും ജനങ്ങളുടെ ആവശ്യങ്ങളും ഭിന്നശേഷിക്കാരുടെ വിവരങ്ങളും ഉൾപ്പടെ പരിശോധിക്കാനും തുടർനടപടികൾ നിരീക്ഷിക്കാനും കൃത്യമായ ഇടപെടലുകൾ നടത്താനും സാധിക്കും.

പദ്ധതിയുടെ ഭാഗമായുള്ള ആരോഗ്യ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ഇഖ്റഅ് ആശുപത്രി നേതൃത്വം നൽകും. കുട്ടികളുടെ ജനനം മുതലുള്ള ആദ്യ ആയിരം ദിവസങ്ങളിൽ തന്നെ കേൾവിക്കുറവ്, ഓട്ടിസം തുടങ്ങിയ അവസ്‌ഥകൾ കണ്ടെത്തി ആവശ്യമായ ചികിൽസയും പരിചരണവും ലഭ്യമാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകും.

2016ലെ നിയമത്തിൽ ഉൾപ്പെടുന്ന 21 തരം ഭിന്നശേഷികളുള്ളവർക്കും പ്രത്യേക പരിഗണന നൽകും. സ്‌കൂളുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ ബോർഡ് ക്യാമ്പുകൾ സംഘടിപ്പിച്ച് അർഹരായവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും. CSR ഫണ്ടുകൾ പ്രയോജനപ്പെടുത്തി മണ്ഡലത്തിൽ ഡയാലിസിസ് സെന്റർ, സ്‌ട്രോക്ക് ബാധിച്ചവർക്കായി ന്യൂറോ റിഹാബിലിറ്റേഷൻ സെന്റർ, കുട്ടികൾക്കായി ഏർലി ഇന്റർവെൻഷൻ സെന്റർ എന്നിവ സ്‌ഥാപിക്കാനും ലക്ഷ്യമിടുന്നു.

ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിനായി പ്രദേശത്തെ അമ്മമാരുടെയും യുവാക്കളുടെയും കൂട്ടായ്‌മകളെ ഉൾപ്പെടുത്തി പ്രത്യേക വോളണ്ടിയർ സേന രൂപീകരിക്കും. ഭിന്നശേഷിക്കാർക്കും വീൽചെയർ ഉപയോഗിക്കുന്നവർക്കും തടസങ്ങളില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ പൊന്നാനിയിലെ പൊതുയിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുകയും ചെയ്യും.

വിദ്യാഭ്യാസത്തിനും തൊഴിൽനൈപുണ്യ വികസനത്തിനും പദ്ധതിയിൽ പ്രാധാന്യം നൽകുന്നുണ്ട്. തീരദേശത്തെ കുട്ടികൾക്കായി സ്‌കോളർഷിപ്പ് പദ്ധതി നടപ്പാക്കും. പത്താം ക്‌ളാസ്, പ്ളസ്‌ടു പഠനം പാതിവഴിയിൽ നിർത്തിയ 640ഓളം വിദ്യാർഥികൾക്ക് ഡിജിറ്റൽ സാക്ഷരതാ പരിശീലനവും തൊഴിലധിഷ്‌ഠിത പ്രൊഫഷണൽ കോഴ്‌സുകളും ലഭ്യമാക്കും. അഞ്ചാം ക്‌ളാസ് മുതലുള്ള വിദ്യാർഥികളുടെ ഇംഗ്ളീഷ് ആശയവിനിമയശേഷി വർധിപ്പിക്കാൻ അസാപ്, സി-ഡിറ്റ് തുടങ്ങിയ ഏജൻസികളുടെ സഹകരണത്തോടെ പ്രത്യേക പരിശീലനവും നൽകും.

mla-kp-naushad-ali-chakde-ponnani
ആശയരൂപീകരണ ശിൽപശാലയിൽ സംസാരിക്കുന്ന കെപി നൗഷാദ് അലി എംഎൽഎ / Image source: MLA’s Office | Cropped by Team MN

തീരദേശത്തെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൊന്നാനിയിൽ കണ്ടെത്തിയ 148 ഓലപ്പുരകൾക്ക് പകരം വീടുകൾ ഒരുക്കി ‘ഓലപ്പുര രഹിത തീരദേശം’ യാഥാർഥ്യമാക്കാനും ലക്ഷ്യമിടുന്നു. തീരദേശ വനിതകളുടെ വരുമാനം വർധിപ്പിക്കാൻ മൂല്യവർധിത മൽസ്യോൽപ്പന്നങ്ങളുടെ നിർമാണവും പ്രോൽസാഹിപ്പിക്കും.

“സമയമെടുത്ത് ഘട്ടംഘട്ടമായി നടപ്പാക്കേണ്ട ബൃഹത്തായ പദ്ധതിയാണ് ‘ചക്ദേ പൊന്നാനി’. പദ്ധതിയുടെ വിവിധ ഘടകങ്ങളെ ഏകോപിപ്പിച്ച് മാതൃകാപരമായി പ്രവർത്തന സജ്‌ജമാക്കുന്നതിന് പൊതുസമൂഹത്തിന്റെയും ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം അനിവാര്യമാണ്. കൂട്ടായ പരിശ്രമവും അകമഴിഞ്ഞ പിന്തുണയുമുണ്ടെങ്കിൽ ‘ചക്ദേ പൊന്നാനി’യെ വിജയത്തിലെത്തിക്കാൻ നമുക്ക് കഴിയും. പൊന്നാനിയുടെ സമസ്‌ത മേഖലകളിലും വികസനത്തിന്റെയും മുന്നേറ്റത്തിന്റെയും വെളിച്ചമെത്തിക്കുന്ന ജനകീയ സംരംഭമായി ഈ പദ്ധതിയെ വളർത്തിയെടുക്കണം,” എംഎൽഎ നൗഷാദ് അലി മലബാർ ന്യൂസിനോട് പറഞ്ഞു.

പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വാർഡ് തലത്തിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ ‘സ്‌കൂൾ സപ്പോർട്ട് കമ്മിറ്റികൾ’ രൂപീകരിക്കും. സർക്കാർ ഉദ്യോഗസ്‌ഥരുടെ സേവനവും സാമ്പത്തിക സഹായവും പദ്ധതിക്കായി പ്രയോജനപ്പെടുത്തും.

പദ്ധതിക്ക് മുന്നോടിയായി വിവിധ മേഖലകളിലെ പ്രഗൽഭരെ പങ്കെടുപ്പിച്ച് ആശയരൂപീകരണ ശിൽപശാല സംഘടിപ്പിച്ചു. പൊന്നാനി വഹീദ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ കെപി നൗഷാദ് അലി എംഎൽഎ ആമുഖഭാഷണം നിർവഹിച്ചു. ബൈജു അയടത്തിൽ, ഡോ. ഫായിസ് മുഹമ്മദ്, ജെഎസ്‌എസ്‌ ജില്ലാ കോർഡിനേറ്റർ സെക്രട്ടറി ഉമ്മർ കോയ, സിജി പ്രതിനിധി ഡോ. എബി മൊയ്‌തീൻ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

English News Summary | Chakde Ponnani, led by MLA K.P. Naushad Ali, aims to advance healthcare, education, and coastal development. Through digital planning and community participation, Chakde Ponnani seeks inclusive, sustainable growth.

Health| ആരോഗ്യ സംരക്ഷണ നിലവാരം; ഇന്ത്യ മൂന്നാം സ്‌ഥാനത്ത്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE