
പൊന്നാനി: ആവേശത്തിന്റെ ഓളപ്പരപ്പിൽ പോരാട്ടത്തിന്റെ തിരകളടിച്ച് ബിയ്യം കായൽ ജലോൽസവത്തിൽ മേജർ വിഭാഗത്തിൽ കാഞ്ഞിരമുക്ക് പത്തായി നവയുഗം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ളബിന്റെ ‘ജലറാണി’യും മൈനർ വിഭാഗത്തിൽ എഎംഎം നഗർ യുവ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ളബിന്റെ ‘യുവരാജ’യും ചാമ്പ്യൻമാരായി.
മേജർ വിഭാഗത്തിൽ പുളിക്കക്കടവ് കല്ലിക്കട ക്ളബിന്റെ കല്ലിക്കാടൻ രണ്ടാം സ്‌ഥാനവും ബിയ്യം ചൈതന്യ ക്ളബിന്റെ കെട്ടുകൊമ്പൻ മൂന്നാം സ്‌ഥാനവും നേടി. മൈനർ വിഭാഗത്തിൽ പുളിക്കക്കടവ് ടിടിപിയുടെ പുളിക്കക്കടവൻ രണ്ടാം സ്‌ഥാനവും മാരാമുറ്റം നാട്ടുകൂട്ടം ക്ളബിന്റെ നാട്ടുകൊമ്പൻ മൂന്നാം സ്‌ഥാനവും നേടി.
മലപ്പുറം ജില്ലയിലെ ഓണാഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പൊന്നാനി ബിയ്യം കായലിലെ വള്ളം കളി. പതിറ്റാണ്ടുകളായി തുടരുന്ന ആഘോഷം ഹൃദയത്തോട് ചേർക്കുന്ന പതിനായിരക്കണക്കിന് ആസ്വാദകർ ഇവിടെ ഇന്നുമുണ്ട്. പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായാണ് വള്ളം കളി സംഘടിപ്പിക്കുന്നത്.
അവിട്ടം നാളിൽ കായലോരത്ത് തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിർത്തിയാണ് ആവേശപ്പോരാട്ടം നടന്നത്. മൽസരത്തിന്റെ ഉൽഘാടനം സിനിമാതാരം ഷെയ്ൻ നിഗം നിർവഹിച്ചു. പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റമീന ഇസ്‌മായിലാണ് ഫ്‌ളാഗ് ഓഫ് നിർവഹിച്ചത്. കെപി നൗഷാദലി എംഎൽഎ അധ്യക്ഷത വഹിച്ചു.
17മേജർ വള്ളങ്ങളും 20 മൈനർ വള്ളങ്ങളും ഉൾപ്പടെ 37 വള്ളങ്ങളാണ് ജലമേളയിൽ പങ്കെടുത്തത്. ജലോൽസവം കാണാനായി അയൽജില്ലകളിൽ നിന്നടക്കം ആളുകൾ തടിച്ചുകൂടിയിരുന്നു. മേജർ വിഭാഗത്തിൽ ഒന്നാം സ്‌ഥാനം നേടിയ ജലറാണിക്കുള്ള സമ്മാന വിതരണം കെപി നൗഷാദലി എംഎൽഎ നിർവഹിച്ചു. മേജർ വിഭാഗത്തിൽ ഒന്നാം സ്‌ഥാനക്കാർക്ക് 30,000 രൂപയും രണ്ടാം സ്‌ഥാനക്കാർക്ക് 20,000 രൂപയും മൂന്നാം സ്‌ഥാനക്കാർക്ക് 15,000 രൂപയുമാണ് സമ്മാനത്തുക.
മൈനർ വിഭാഗത്തിൽ യഥാക്രമം 12,500, 10,000, 7500 എന്നിങ്ങനെയാണ്. മേജർ വിഭാഗത്തിൽ പങ്കെടുത്ത 17 വള്ളങ്ങൾക്കും 27,000 രൂപയും മൈനർ വിഭാഗത്തിലെ 29 വള്ളങ്ങൾക്ക് 11,000 രൂപയും പ്രോൽസാഹന സമ്മാനത്തുകയായും ലഭിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ, ക്ളബുകൾ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്.

കെപി നൗഷാദലി ചെയർമാനായും പൊന്നാനി തഹസിൽദാർ പ്രമോദ് പി. ലാസറസ് ജനറൽ കൺവീനറായും മലപ്പുറം ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്ര ജോയിന്റ് കൺവീനറുമായുള്ള സംഘാടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ആഴ്‌ചകളായി ബിയ്യം കായലിൽ വള്ളം കളി ടീമുകൾ പരിശീലനം നടത്തിവരികയായിരുന്നു.
ചടങ്ങിൽ വിഎസ് ജോയ് എംഎൽഎ, സിവി സുധ, സിപി സക്കീർ, അഡ്വ. ആർ ഗായത്രി, അഷ്‌ഹർ പെരുമുക്ക്, കെപി മെഹറുന്നീസ, ഷാഹിന റഫീഖ്, ടി ശ്രീജിത്ത്, ശാന്തിനി രവീന്ദ്രൻ, അബൂബക്കർ സിദ്ദിഖ്, വൽസലകുമാർ, എഎംവി ഷാജിമോൾ, ഖദീജത്ത്, കെടി ബിന്ദു, ആസിയ ഇബ്രാഹിം, മുഹ്സിന സിറാജ് എന്നിവരും പൊന്നാനി നഗരസഭയിലെ വിവിധ വാർഡ് പ്രതിനിധികളും രാഷ്‌ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു. എഡിഎംപിഒ സാദിഖ് സ്വാഗതവും പൊന്നാനി തഹസിൽദാർ പ്രമോദ് പി ലാസറസ് നന്ദിയും പറഞ്ഞു.
Helath| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?





































