കൊച്ചി: 17 വയസുകാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. ചേരാനല്ലൂരിൽ പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. തട്ടുകട ഉടമയായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്‌ണനാണ് മരിച്ചത്. തട്ടുകട അടച്ച് മടങ്ങുകായായിരുന്ന ജയബാലകൃഷ്‌ണൻ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായി തകരുകയും ജയബാലകൃഷ്‌ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ആയിരുന്നു. ഇരിങ്ങാലക്കുട അഡീഷണൽ ജഡ്‌ജി റിനോ ഫ്രാൻസിസിന്റെ മകനാണ് കാറോടിച്ചത്. കാറും യുവാവിനെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പിതാവിന്റെ പേരിലാണ് കാറെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് 17 വയസുകാരനെതിരെ ചേരാനല്ലൂർ പോലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിന് പിന്നാലെ കാർ സംഭവ സ്‌ഥലത്ത് നിന്ന് മാറ്റിയത് വിവാദമായിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിവരം തേടിയപ്പോൾ ജഡ്‌ജി തട്ടിക്കയറിയെന്നാണ് ജയബാലകൃഷ്‌ണന്റെ ബന്ധുക്കൾ പറയുന്നത്.
Most Read| ബാഗ് പരിശോധിക്കാം, മൊബൈൽ വിലക്കാം; സ്‌കൂളുകളിൽ അച്ചടക്ക മാർഗരേഖ വേണം





































