പാലക്കാട്: മരിച്ചവരുടെ ക്ഷേമ പെൻഷൻ തുക വ്യാജമായി ഒപ്പിട്ട് കൈപ്പറ്റി തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ 11ആം വാർഡിൽ ഉൾപ്പെടുന്ന മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
മരിച്ച രണ്ടുപേരുടെ പെൻഷൻ തുക തട്ടിയെടുത്തതായി വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പാർട്ടി നടപടിയെടുത്തത്. ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. വാർഡിലെ പരേതരായ കൃഷ്ണൻകുട്ടി പണിക്കർ, നാരായണഗുപ്ത എന്നിവരുടെ പെൻഷൻ തുകയാണ് സത്യനാരായണൻ വ്യാജ ഒപ്പിട്ട കൈപ്പറ്റിയത്.
ഇതിൽ കൃഷ്ണൻകുട്ടി പണിക്കർ ജൂലൈ ആദ്യവും നാരായണഗുപ്ത ഓഗസ്റ്റിലും മരിച്ചിരുന്നു. സംഭവം പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. വിഷയത്തിൽ പോലീസിൽ അടക്കം ഔദ്യോഗികമായി പരാതി നൽകാനുള്ള തയാറെടുപ്പിലാണിവർ.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































