കോട്ടയം: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ട് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അതേസമയം, റോഡിൽ അപകടകരമായ രീതിയിൽ സംസാരിച്ചുനിന്ന രണ്ടുപേർക്കെതിരെയും അന്വേഷണം ആരംഭിച്ചു.
ഇവർ റോഡിലേക്ക് കയറി നിന്ന് സംസാരിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഈ ബുധനാഴ്‌ചയാണ് വാഹനാപകടത്തിൽ മീനടം വട്ടക്കാവുങ്കൽ വിവി തോമസ്- മേരി തോമസ് ദമ്പതികളുടെ മകൾ ആഷ്‌ലി ആൻ തോമസ് (25), കടുവുംഭാഗം കാര്യക്കോസ്- അനിത കുര്യൻ ദമ്പതികളുടെ മകൾ കൃപ മെറിൻ കുര്യാക്കോസ് (24) എന്നിവർ മരിച്ചത്.
ദേശീയപാത 183ൽ കോത്തല 13ആം മൈലിൽ ബുധനാഴ്‌ച രാവിലെ 8.45ഓടെയായിരുന്നു അപകടം. കൃപയും ആഷ്‌ലിയും കാനത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം. മുന്നിൽ പോയിരുന്ന കാർ, റോഡിൽ നിന്നവരെ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടു. പിന്നാലെ എത്തിയ സ്‌കൂട്ടറും ബ്രേക്കിട്ടെങ്കിലും മറിഞ്ഞു വീണു. ഈ സമയം കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് വന്ന ബസിനടിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞാണ് വിദ്യാർഥിനികൾ അപകടത്തിൽപ്പെട്ടത്.
സിസിടിവി പരിശോധിച്ചപ്പോൾ സ്വകാര്യ ബസ് അമിതവേഗത്തിലാണ് സഞ്ചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സമയം മറ്റൊരു ബസും ഇതേ റൂട്ടിൽ വന്നിരുന്നു. ബസുകൾ തമ്മിൽ മൽസരയോട്ടം നടന്നോ അന്വേഷിക്കുന്നുണ്ട്. നിലവിൽ മനഃപൂർവമല്ലാത്ത നരഹത്യാകുറ്റമാണ് ബസ് ഡ്രൈവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, റോഡിൽ സംസാരിച്ചു നിന്നവരെ കുറിച്ച് ഇനിയും വിവരങ്ങൾ ലഭിച്ചിട്ടില്ല.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!




































