റബാത്ത്: മൊറോക്കോയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി വരുന്നു. മറാക്കെഷ് മേയർ ഫാത്തിമ എസ്സാഹ്റ അൽ മൻസൂരിയാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. സെപ്തംബർ 23ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഫാത്തിമ നയിച്ച ലിബറൽ സെൻട്രിസ്റ്റ് പാർട്ടി വൻ വിജയം നേടിയിരുന്നു.
പിന്നാലെയാണ് മൊറോക്കോ രാജാവ് ഇവരെ പ്രധാനമന്ത്രിയായി നിയമിച്ചത്. കഴിഞ്ഞദിവസം ചേർന്ന റോയൽ കാബിനറ്റ് യോഗത്തിലാണ് തീരുമാനം. പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ചുമതലയും രാജാവ് അവർക്ക് നൽകിയിട്ടുണ്ട്.
മൊറോക്കോയുടെ ചരിത്രത്തിൽ ഈ ഉയർന്ന പദവിയിലെത്തുന്ന ആദ്യ വനിതയാണ് 50-കാരിയായ ഫാത്തിമ അൽ മൻസൂരി. കൂടാതെ, അറബ് ലോകത്ത് ഒരു സർക്കാരിന്റെ തലപ്പത്തെത്തുന്ന രണ്ടാമത്തെ വനിത എന്ന അപൂർവ നേട്ടവും ഇതോടെ അവർ സ്വന്തം പേരിലാക്കി. മൊറോക്കോയിൽ ഉടനീളം നിരവധി കാലമായി വളരെ ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള നേതാവാണ് അൽ മൻസൂരി.
ഫ്രാൻസിലെ മോണ്ട്പെല്ലിയർ സർവകലാശാലയിൽ നിന്നും ന്യൂയോർക്കിലെ പേസ് സർവകലാശാലയിൽ നിന്നുമായി നിയമപഠനം പൂർത്തിയാക്കിയ അവർ പ്രമുഖയായ ഒരു അഭിഭാഷക കൂടിയാണ്. 2009ൽ ചരിത്രപ്രസിദ്ധമായ മറാക്കെഷ് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും അവരായിരുന്നു.
പിന്നീട് 2021ൽ വീണ്ടും മറാക്കെഷിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ അസീസ് അഖന്നൂഷ് സർക്കാരിൽ ദേശീയ ഭൂപട നിർമാണം, നാഗരാസൂത്രണം, ഭവന നിർമാണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുക, സാമ്പത്തിക വളർച്ച ഉറപ്പാക്കുക, യുവജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുക എന്നിവയാണ് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.
തന്റെ നിയമനം രാജ്യമെമ്പാടുമുള്ള സ്ത്രീകൾക്ക് ലഭിച്ച അഭിമാനകരമായ നിമിഷമാണെന്നും ഈ അംഗീകാരം ഉത്തരവാദിത്തം വർധിപ്പിക്കുമെന്നും നിയമനത്തിന് ശേഷം ഫാത്തിമ അൽ മൻസൂരി പ്രതികരിച്ചു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സാമൂഹിക ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുമെന്നും അവർ പറഞ്ഞു.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!





































