റാബത്ത്: ഉത്തര കൊറിയൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ വിറപ്പിച്ച ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1037 ആയി. പ്രധാന നഗരങ്ങളടക്കം നിലംപൊത്തിയ ദുരന്തത്തിൽ നിരവധിയാളുകൾ ഇപ്പോഴും മണ്ണിനടിയിലാണ്. കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ആറായിരത്തിലധികം പേർക്ക് ദുരന്തത്തിൽ പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്‌ച രാത്രി 11.11 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്‌ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. റാബത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മാരുകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. തലസ്‌ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്. 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
സെക്കൻഡുകളോളം ഭൂചലനത്തിന്റെ പ്രകമ്പനം നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്. വിനോദസഞ്ചാര കേന്ദ്രമായ മാരാകേഷിലും ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിന് സമീപമുള്ള അഞ്ചു പ്രവിശ്യകളിലുമാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന എഴുന്നൂറിലധികം പേരുടെ നില ഗുരുതരമാണെന്നാണ് മൊറോക്കൻ ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. അൽ-ഹൗസ്, തരൂഡന്റ് പ്രവിശ്യകളിലാണ് നാശനഷ്‌ടങ്ങളുടെ പകുതിയും സംഭവിച്ചത്.
ജനങ്ങൾ ഉറക്കത്തിലായ നേരത്ത് വീടുകൾ നിലംപൊത്തി. ഒട്ടേറെ ആഫ്രിക്കൻ- അറബ്- പൗരാണിക നഗരങ്ങളും മന്ദിരങ്ങളുമുള്ള മൊറോക്കോയിൽ മിക്കതും തകർന്നടിഞ്ഞു. പലയിടങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്താൻ ആകാത്തതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിരവധിപ്പേരും ദുരന്ത മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണവും വെള്ളവും ഇല്ലാതെ ആയിരങ്ങൾ തെരുവിലാണ്. വിവിധ ലോകരാജ്യങ്ങൾ മൊറോക്കോയ്‌ക്ക് സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
Most Read| ജി20 ഉച്ചകോടി; ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി