ന്യൂഡെൽഹി: പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധം. ജന്തർ മന്തറിൽ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രതിഷേധം.
പ്രതിഷേധ പരിപാടിക്ക് ഡെൽഹി പോലീസ് അനുമതി നൽകിയിട്ടുണ്ട്. ഡെൽഹി എയർപോർട്ടിൽ വെച്ച് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയുമായി പോലീസ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി നൽകിയത്. ഇതോടെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിന് പകരം നേരിട്ട് ജന്തർ മന്തറിലേക്ക് വരാൻ പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നിർദ്ദേശം നൽകി.
”നിങ്ങളെ എല്ലാവരെയും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ബുക്കും ദേശീയപതാകയും കൊണ്ടുവരാൻ മടിക്കരുത്. നന്ദിയുടെയും സഹാനുഭൂതിയുടെയും പ്രതീകമായി പോലീസുകാർക്ക് പൂക്കൾ നൽകും. സമാധാനവും സ്നേഹവും കൊണ്ടായിരിക്കണം നമ്മൾ ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോവേണ്ടത്”- അഭിജിത് ദീപ്കെ എക്സിൽ കുറിച്ചു.
അഭിജീത് ദീപ്കെ യുഎസിൽ നിന്ന് ഇന്ന് രാവിലെയാണ് ഡൽഹിയിലെത്തിയത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയ അഭിജിത് ദീപ്കെ ജന്തർ മന്തറിലേക്ക് പോയി. ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് ധർമേന്ദ്ര പ്രധാന്റെ വസതി ഉൾപ്പടെ ഡെൽഹിയിലുടനീളം സുരക്ഷ ഉറപ്പാക്കി. ഡൽഹി വിമാനത്താവളം, അതിർത്തി പ്രവേശന കവാടങ്ങൾ, മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോലീസ് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































