തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ഫീച്ചർ വിവാദത്തിൽ നടപടിയിലേക്ക് കടന്ന് പാർട്ടി. ഞായറാഴ്ച വരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടുള്ള ലേഖനമാണ് വിവാദമായത്.
വിഎസിനെ കുറിച്ച് കെവി സുധാകരന്റെ ഓർമ്മക്കുറിപ്പ് മുഖലേഖനമായ പതിപ്പിൽ കള്ളൻ വിജയനെന്ന പേരിൽ ഫീച്ചർ വരുന്നത് തെറ്റിദ്ധരിക്കപ്പെടും എന്നതിനാൽ വാരാന്തപ്പതിപ്പിന്റെ അച്ചടിയും വിതരണവും നിർത്തിവെച്ചിരുന്നു. സംഭവത്തിൽ, വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള പത്രാധിപരോട് റസിഡന്റ് എഡിറ്ററായ എം. സ്വരാജ് വിശദീകരണം തേടി.
ലേഖനത്തിന് കള്ളൻ വിജയൻ എന്ന തലക്കെട്ട് നൽകിയതിനെ കുറിച്ചാണ് വിശദീകരണം തേടിയത്. മുത്തിപ്പാറ എന്ന അത്ഭുത ഗ്രാമത്തിന്റെയും കള്ളൻ വിജയൻ എന്നറിയപ്പെടുന്ന നാടകപ്രവർത്തകനെ കുറിച്ചുമുള്ള രസകരമായ കഥയാണ് ഫീച്ചർ പറയുന്നത്. ഈ ലേഖനത്തിന് അനുയോജ്യമായ തലക്കെട്ട് അത് തന്നെയായിരുന്നുവെന്നും ലേഖകൻ നൽകിയ തലക്കെട്ട് അതേപടി ഉപയോഗിച്ചുവെന്നുമുള്ള വിശദീകരണമാണ് പത്രാധിപർ നൽകിയത്.
ലേഖനത്തിലോ തലക്കെട്ടിലോ പാർട്ടിവിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. വിഎസിനെ കുറിച്ചുള്ള അനുസ്മരണ കവർ സ്റ്റോറി ഉൾപ്പെടുന്ന വാരാന്തപ്പതിപ്പ് ഞായറാഴ്ച പ്രസിദ്ധീകരിക്കാതിരുന്നത് സാങ്കേതിക പിഴവാണെന്നാണ് സ്വരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്. പ്രസിൽ അച്ചടിയുമായി ബന്ധപ്പെട്ട് ഉൾപ്പടെ പ്രശ്നം ഉണ്ടായെന്നും ന്യായീകരിച്ചിരുന്നു.
അതേസമയം, സംഭവത്തിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് വിവരം. ഒരുദിവസം വൈകി ഇന്നലെയാണ് വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയത്. ഈ ലേഖനം ഒഴിവാക്കിയിട്ടുണ്ട്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എം സ്വരാജ് വിവാദത്തെക്കുറിച്ച് വിശദീകരിക്കും.
അതിനിടെ, ലേഖനം ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ലേഖകനായ ടിസി രാജേഷ് സിന്ധു. ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പിഒ’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിന്റെ പൂർണ രൂപമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
Most Read| റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ഉത്തരവിറക്കി
































