ആലപ്പുഴ: ഇഡി റിപ്പോർട്ടിൽ ആദ്യ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ എനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും എന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്‌ട്രീയ ശക്‌തികൾ ഉദ്ദേശിച്ച നിലയിലേക്ക് എവിടെയും എത്തിയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങൾക്ക് നൽകിയ പണം അക്കൗണ്ടിൽ രേഖപ്പെടുത്തിയാണെന്നും കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. എനിക്ക് വേണ്ടി പണം വാങ്ങി അത് റിയാസ് മുഖേന വീണ വിദേശത്തേക്ക് കടത്തി എന്നാണ് ഇഡി പറയുന്നത്. എന്നാൽ, ആ ഘട്ടത്തിലൊന്നും റിയാസ് വീണയുടെ ഭർത്താവായിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
സിപിഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകൾ പഠനം കഴിഞ്ഞ് ആദ്യം ജോലി ചെയ്യുന്നത് ഒറാക്കിളിൽ ആണ്. പിന്നീട് വിവാഹം കഴിഞ്ഞതോടെ ജോലി വിടുകയായിരുന്നു. പിന്നീട് മറ്റൊരു സ്‌ഥാപനത്തിൽ ജോലി ചെയ്‌തു. ശേഷമാണ് സ്വന്തം സ്‌ഥാപനം തുടങ്ങിയത്.
അതിന്റെ സേവനങ്ങൾ പല കമ്പനികൾക്കും നൽകിയിരുന്നു. ഇടയ്‌ക്ക് മതതീവ്രവാദികൾ നടത്തുന്ന സ്‌ഥാപനത്തിന് ഐടി സേവനം നൽകുന്നെന്ന തരത്തിൽ ആരോപണം ചിലർ ഉയർത്തി. അത് ഉയർത്തിയവർക്ക് തിരിച്ചടിയാകുമെന്ന് അന്ന് ഞാൻ പറഞ്ഞിരുന്നു.
വർഷങ്ങൾക്ക് മുൻപ് സേവനത്തിന് ലഭിച്ച പ്രതിഫലം വർഷങ്ങൾക്ക് ശേഷം വന്ന മുഹമ്മദ് റിയാസിന് വേണ്ടി സൂക്ഷിച്ചു വച്ചുവെന്നാണ് ഇഡി കണ്ടെത്തിയത്. ഇത്ര ലജ്‌ജാകരമായ കാര്യങ്ങൾ ഇഡിയെപ്പോലൊരു ഏജൻസി പറയുമ്പോൾ പിണറായി വിജയൻ മൂന്നുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് വലിയ അച്ചിൽ നിരത്തുകയാണ് മാദ്ധ്യമങ്ങൾ.
നിങ്ങൾ വലിയ അച്ചിൽ നിരത്തിയത് കൊണ്ട് ജനങ്ങൾക്ക് മുന്നിൽ ഞാൻ അഴിമതിക്കാരാനാകില്ല. എന്റെ ജീവിതം തുറന്ന പുസ്‌തകമാണ്. രാഷ്‌ട്രീയമായതിനെ രാഷ്‌ട്രീയമായും നിയമപരമായതിനെ നിയമപരമായും നേരിടുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Most Read| ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; നാവികൻ കൊല്ലപ്പെട്ടു




































