ന്യൂഡെൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥിക്ക് മുൻകരുതൽ നോട്ടീസയച്ച മജിസ്ട്രേറ്റ് കോടതിയുടെ നടപടിയെ വിമർശിച്ച് സുപ്രീം കോടതി. ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.
ഗൗതം ബുദ്ധ സർവകലാശാലയിലെ രണ്ടാംവർഷ നിയമ വിദ്യാർഥിയായ അക്ഷത് ത്രിപാഠിക്കാണ് ഭരണകൂടം മുൻകരുതൽ നോട്ടീസ് അയച്ചത്. വിദ്യാർഥികൾക്ക് എതിരെ കേസെടുക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് നോട്ടീസ് അയക്കാൻ എങ്ങനെ ധൈര്യം വന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
മുതിർന്ന അഭിഭാഷകൻ ബിശ്വജിത് ഭട്ടാചാര്യ ആണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റിൽ നിന്നും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൽ നിന്നും വിശദീകരണം തേടുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സർക്കാർ വിരുദ്ധ പ്രചാരണ നടത്തുകയും ജന്തർ മന്തറിലെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് സെപ്തംബർ നാലിന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിദ്യാർഥിക്ക് നോട്ടീസ് നൽകിയത്. പ്രക്ഷോഭ സമയത്ത് താൻ ക്യാമ്പസിൽ ഉണ്ടായിരുന്നില്ലെന്നും വിദ്യാർഥി വെളിപ്പെടുത്തിയിരുന്നു.
പോലീസ് നൽകിയ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഈ നോട്ടീസ് പിൻവലിച്ചിരുന്നു. എന്നാൽ, സെപ്തംബർ ഒന്നിലെ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ് മജിസ്ട്രേറ്റിന്റെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. സിജെപി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കാനും പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് എതിരെ കേസുകൾ എടുക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
Most Read| ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി



































