ന്യൂഡെൽഹി: ഡെൽഹിയിൽ വീടിന്പുറത്ത് ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ ഒരുകൂട്ടം ആളുകൾ മർദ്ദിച്ച് കൊലപ്പെടുത്തി. മണിപ്പൂരിലെ മെയ്തി വിഭാഗത്തിൽപ്പെട്ട ചോങ്താം വിക്രം സിങ് (54) ആണ് ചികിൽസയിലിരിക്കെ മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ കിലോകാരി ഗ്രാമത്തിലായിരുന്നു സംഭവം. വിക്രം സിങ്ങിന്റെ വീടിന് പുറത്ത് ഒരുകൂട്ടം ആളുകൾ ബഹളം വയ്ക്കുകയും ശല്യമുണ്ടാക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് പ്രതികൾ ഇദ്ദേഹത്തെ അക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ഹോളി ഫാമിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും അടങ്ങുന്ന ഏഴുപേരെ ഡെൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഭാരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), മോഹൻ വിശ്വകർമ (32), വിജയ് (36), മന്നു (26) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിലൂടെ അക്രമത്തിൽ പങ്കെടുത്തവരുടെ കൃത്യമായ വിവരങ്ങളും പങ്കും കണ്ടെത്താനാകുമെന്നാണ് വിലയിരുത്തൽ. സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Most Read| പിഎം ശ്രീ പദ്ധതി; കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താൻ കേരളം





































