കയ്‌റോ: ആറുമാസം പിന്നിട്ട പശ്‌ചിമേഷ്യൻ യുദ്ധത്തിന് പുതിയ പോർമുഖം തുറന്നു. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ നാല് നഗരങ്ങളിൽ ശക്‌തമായ ആക്രമണം നടത്തി. ഡ്രോൺ, മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്‌ടങ്ങളാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്.
സൗദിയിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ തീപടർന്ന് വ്യാപക നാശനഷ്‌ടം ഉണ്ടായി. എഴുപതിലേറെ പേർക്ക് പരിക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നടിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. യെമൻ അതിർത്തിയോട് ചേർന്ന സൗദിയുടെ അബ്ഹ, നജ്‌റാൻ നഗരങ്ങളിലെ റിഫൈനറികൾ, ചെങ്കടലിലെ തുറമുഖ നഗരമായ ജസനിലെ റിഫൈനറി, ഊർജനിലയം എന്നിവിടങ്ങളിലാണ് മിസൈൽ ആക്രമണത്തിൽ വൻ തീപിടിത്തമുണ്ടായത്.
തെക്കൻ നഗരമായ ഖമീസ് മുഷായത്തിലെ വ്യോമത്താവളത്തിലും ഹൂതികൾ ബോംബിട്ടു. കഴിഞ്ഞ ദിവസം സനായിലെ ജുബാ ജില്ലയിൽ സൗദി സേന നാലിടത്ത് കനത്ത ബോംബിങ് നടത്തിയിരുന്നു. അൽ ഹസം നഗരത്തിലെ ജയിലിൽ സൗദി സേന നടത്തിയ ബോംബാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു.
നിലവിൽ, സൗദി പിന്തുണയുള്ള യെമൻ സർക്കാർ സഖ്യസേന ഹൂതികളുടെ ശക്‌തികേന്ദ്രമായ വടക്കൻ മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുണ്ട്. യെമൻ തലസ്‌ഥാനമായ സന അടക്കം പ്രധാന പ്രദേശങ്ങളെല്ലാം ഹൂതികളുടെ നിയന്ത്രണത്തിലാണ്. ദശകത്തിലേറെ പിന്നിട്ട ആഭ്യന്തര യുദ്ധത്തിൽ ഷിയാ വിഭാഗമായ ഹൂതികൾക്കെതിരെ പോരാടുന്ന സർക്കാർ സേനയ്‌ക്കും സുന്നി സംഘടനയ്‌ക്കും സൗദിയാണ് പിന്തുണ നൽകുന്നത്.
2022ൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇറാൻ-യുഎസ് സംഘർഷം മൂലം വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചിരിക്കുകയാണ്. അതേസമയം, ആക്രമണത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില ഇന്നലെ രണ്ടു ശതമാനത്തിലേറെ ഉയർന്നു. ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ യെമൻ അതിർത്തിക്കടുത്ത് സൗദി അറേബ്യയുടെ ചില എണ്ണ ഖനന കേന്ദ്രങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിയിരുന്നു.
ഇതോടെ ചൊവ്വാഴ്‌ച അസംസ്‌കൃത എണ്ണവില വീണ്ടും ഉയർന്നു. അന്താരാഷ്‌ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില നൂറു ഡോളറിനടുത്തെത്തി. ഒരുസമയത്ത് 99 ഡോളർ കടന്ന് ബ്രെന്റ് ക്രൂഡ് വില വീപ്പയ്‌ക്ക് 98.71 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആറാഴ്‌ചത്തെ ഏറ്റവും ഉയർന്ന നിലവാരമാണിത്. യുഎസ് ബെഞ്ച്മാർക്കായ വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 93.96 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































