ജൻമഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

അരനൂറ്റാണ്ടിലേറെക്കാലമായി മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്ന കുഞ്ഞിക്കണ്ണൻ ജൻമഭൂമി പത്രത്തിന്റെ തുടക്കം മുതൽ (1977) അതിനൊപ്പമുണ്ട്. രാഷ്‌ട്രീയ ലേഖകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രശസ്‌തനാണ്. പത്രപ്രവർത്തനത്തിനൊപ്പം രാഷ്‌ട്രീയ പ്രവർത്തനവും ചേർത്തുവെച്ച അദ്ദേഹം നിലവിൽ ബിജെപി സംസ്‌ഥാന സമിതി അംഗമാണ്.

By Senior Reporter, Malabar News
senior journalist and janmabhumi-resident-editor-k-kunjikkannan-passes-away
കെ. കുഞ്ഞിക്കണ്ണൻ

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ജൻമഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ജൻമഭൂമി ഓഫീസിലും പ്രസ് ക്ളബിലും തുടർന്ന് തിരുമലയിലെ അരയല്ലൂർ വടകര നഗറിലെ എവിആർഎ ബി4 വീട്ടിലും പൊതുദർശനം ഉണ്ടാകും. വൈകീട്ട് നാലിന് ശാന്തികവാടത്തിൽ സംസ്‌കരിക്കും.

അരനൂറ്റാണ്ടിലേറെക്കാലമായി മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്ന കുഞ്ഞിക്കണ്ണൻ ജൻമഭൂമി പത്രത്തിന്റെ തുടക്കം മുതൽ (1977) അതിനൊപ്പമുണ്ട്. രാഷ്‌ട്രീയ ലേഖകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രശസ്‌തനാണ്. പത്രപ്രവർത്തനത്തിനൊപ്പം രാഷ്‌ട്രീയ പ്രവർത്തനവും ചേർത്തുവെച്ച അദ്ദേഹം നിലവിൽ ബിജെപി സംസ്‌ഥാന സമിതി അംഗമാണ്.

1954ൽ കണ്ണൂർ ജില്ലയിലെ ഇരിക്കൂർ കുട്ടാവ് ഗ്രാമത്തിലാണ് ജനനം. സ്‌കൂൾ കാലഘട്ടത്തിലെ സംഘടനാ പ്രവർത്തനമാണ് പിന്നീട് അദ്ദേഹത്തിന്റെ പൊതുജീവിതത്തിനും രാഷ്‌ട്രീയ പ്രവർത്തനത്തിനും അടിത്തറയായത്. അടിയന്തരാവസ്‌ഥയ്‌ക്ക് ശേഷം യുവജനത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്‌ഥാന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

ഭാരതീയ ജനത മോർച്ച രൂപീകരിച്ചപ്പോൾ സംസ്‌ഥാന ജനറൽ സെക്രട്ടറിയായി. തുടർന്ന് യുവമോർച്ചയുടെ സംസ്‌ഥാന പ്രസിഡണ്ടായും ചുമതല വഹിച്ചു. പേരാവൂർ, കണ്ണൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നു.

പത്രപ്രവർത്തന സംഘടനാ രംഗത്തും കുഞ്ഞിക്കണ്ണൻ സജീവമായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ വൈസ് പ്രസിഡണ്ടായും തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. കേസരി സ്‌മാരക ജേർണലിസ്‌റ്റ് ട്രസ്‌റ്റ് ചെയർമാൻ, കണ്ണൂർ പ്രസ് ക്ളബ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. മാദ്ധ്യമ രംഗത്തെ വിവിധ ഔദ്യോഗിക സമിതികളിലും അദ്ദേഹം അംഗമായിരുന്നു.

രചനാരംഗത്തും കുഞ്ഞിക്കണ്ണൻ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. കുഞ്ഞിക്കണ്ണൻ ജൻമഭൂമിയിൽ എഴുതിയ രാഷ്‌ട്രീയ വിശകലനങ്ങളും നിയമസഭാ അവലോകങ്ങളും ഏറെ വായനക്കാരെ സൃഷ്‌ടിച്ചതാണ്. ജൻമഭൂമിയിൽ മറുപുറം എന്ന കോളം അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നു. രാഷ്‌ട്രീയത്തെ ആക്ഷേപഹാസ്യ ശൈലിയിൽ വിശകലനം ചെയ്യുന്നതിലും അദ്ദേഹം വിദഗ്‌ധനായിരുന്നു.

ദീർഘകാലത്തെ മദ്ധ്യമപ്രവർത്തനത്തിനുള്ള അംഗീകാരമായി കേരള നിയമസഭ മുതിർന്ന പത്രപ്രവർത്തകനെന്ന നിലയിൽ കുഞ്ഞിക്കണ്ണനെ ആദരിച്ചിട്ടുണ്ട്. ബികെ ശേഖർ പുരസ്‌കാരം, കാഞ്ഞങ്ങാട് തപസ്യ പുരസ്‌കാരം, ഗുരുജി സേവാസമിതി പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കണ്ണൂർ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ 40 വർഷമായി തിരുവനന്തപുരത്താണ് താമസം. പരേതയായ പ്രേമജയാണ് ഭാര്യ. മക്കൾ: പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്‌ജില. മരുമകൻ രതീഷ് അനിരുദ്ധൻ (മാതൃഭൂമി ന്യൂസ്), പേരമക്കൾ: ഗൗതമി, ബാലാമണി.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE