തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിനായി അവരുടെ കലക്ഷൻ ഏജന്റുമായി അയച്ച 1.45 കോടിക്ക് റിവേഴ്സ് ചാർജ് മെക്കാനിസം പ്രകാരം നൽകേണ്ട 22.69 കോടി ഐജിഎസ്ടി അടച്ചില്ല. കൂടാതെ വിവിധ വിദേശ നിയമ/മധ്യസ്ഥ ഫീസുകളിലേക്ക് അയച്ച 1.90 കോടിക്ക് 34.15 ലക്ഷം തുകയുടെ നികുതി വെട്ടിച്ചതായും കണ്ടെത്തി.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണ പ്രവൃത്തികൾ, ക്ളബ് മെമ്പർഷിപ്പ് ഫീസ് എന്നിവയുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തി 2.75 കോടിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനധികൃതമായി കൈപ്പറ്റിയെന്നും കണ്ടെത്തി. കലൂർ സ്റ്റേഡിയം നവീകരണത്തിന് 70 കോടി ചെലവഴിച്ചെന്നാണ് റിപ്പോർട്ടർ കമ്പനി അവകാശപ്പെട്ടതെങ്കിലും ജിസിഡിഎ എൻജിനിയറിങ് വിഭാഗത്തിന്റെ കണക്ക് അനുസരിച്ച് ഇതിന്റെ മൂല്യം 8.42 കോടി മാത്രമാണ്. ആർബിസി സമർപ്പിച്ച രേഖകളിൽ ഇത് 14.5 കോടി മാത്രമാണ്.
ജിഎസ്ടി വകുപ്പിൽ ഒരു അക്കൗണ്ട് മാത്രം വെളിപ്പെടുത്തിയ കമ്പനിക്ക് ബാക്കി 6 അക്കൗണ്ടുകൾ കൂടിയുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കഴിഞ്ഞ രണ്ടുവർഷത്തിൽ ബാങ്കുകൾ വഴിയുള്ള ആകെ ഇടപാട് മൂല്യം 1,098.56 കോടിയാണ്. ഇതിൽ വിദേശത്തുനിന്നുള്ള പരസ്യ വരുമാനം എത്തിയ ഡോളർ അക്കൗണ്ടും ഉൾപ്പെടുന്നു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി




































