കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. കോൺഗ്രസിന് ഭരണം നഷ്ടമായതോടെ ചെയർപേഴ്സണായ ദിയ ബിനു പുളിക്കക്കണ്ടം പുറത്തായി.
26 കൗൺസിലർമാരിൽ 17 പേരാണ് ഇന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്തത്. 17 പേരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എൽഡിഎഫിലെ 12 പേർക്ക് പുറമെ കോൺഗ്രസിലെ നാല് അംഗങ്ങളും ഉപാധ്യക്ഷ മായാ രാഹുലും ആണ് പ്രമേയത്തെ പിന്തുണച്ചത്. രാവിലെ 11 മണിക്കാണ് കൗൺസിൽ യോഗം ചേർന്നത്.
കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് യുഡിഎഫ് അറിയിച്ചിരുന്നെങ്കിലും വിപ്പ് ലംഘിച്ചാണ് നാല് കൗൺസിലർമാരും യോഗത്തിനെത്തിയത്. ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് എത്തിയത്. കോൺഗ്രസ് വിമതയായി ജയിച്ച മായാ രാഹുലും കൗൺസിലിന് എത്തിയിരുന്നു.
ഇതോടെ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. 26 അംഗ കൗൺസിലിൽ 14 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. അതേസമയം, റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനക്കൽ എന്നീ കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ ഹാജരായില്ല.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷ എന്ന ഖ്യാതിയോടെയാണ് ദിയ ബിനു പുളിക്കക്കണ്ടം അധികാരത്തിലെത്തിയത്. എന്നാൽ, ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയിൽ ഭരണപക്ഷത്ത് വിള്ളലുണ്ടായത്.
സ്വതന്ത്ര കൂട്ടായ്മയിൽ വിശ്വാസമില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ നേരത്തെ പറഞ്ഞിരുന്നു. ദിയ ബിനുവിനെ പിന്തുണയ്ക്കുന്നതിൽ ഭൂരിഭാഗം കൗൺസിലർമാരും വിയോജിച്ചിരുന്നു. കോൺഗ്രസിലെ സെബാസ്റ്റ്യൻ പനയ്ക്കൽ മാത്രമാണ് ആദ്യം മുതൽ നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിന്നത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
Most Read| കെ-ഫോൺ; സ്കൂളുകൾക്കുള്ള സൗജന്യ ഇന്റർനെറ്റ് സേവനം നിർത്തലാക്കി


































