
ന്യൂഡെൽഹി: ഡെൽഹിയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ അസാധാരണ സംഭവങ്ങൾ. ജന്തർ മന്തറിൽ സിജെപി പ്രതിഷേധത്തിന് നേരെ ഡെൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചും, സിജെപിക്ക് പിന്തുണ നൽകിക്കൊണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്.
പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കൾ അടക്കമുള്ളവരെ പോലീസ് കയ്യേറ്റം ചെയ്തു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലും അടക്കമുള്ള നേതാക്കൾ അറസ്റ്റിലായി. മുതിർന്ന നേതാക്കൾ അടക്കമുള്ള പ്രതിഷേധക്കാർക്കെതിരെ ഡെൽഹി പോലീസും റാപ്പിഡ് പോലീസ് ഫോഴ്സും കടുത്ത ബലപ്രയോഗമാണ് നടത്തിയത്.
ബലംപ്രയോഗിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. പല എംപിമാർക്കും പരിക്കേറ്റു. രാഹുൽ ഗാന്ധിക്ക് പുറമെ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധിയും കേരള മുഖ്യമന്ത്രി വിഡി സതീശൻ, മന്ത്രി പിസി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവർ സമരമുഖത്തെത്തി. പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കൾ അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞദിവസം സിജെപി നടത്തിയ പ്രതിഷേധം പോലീസ് തടഞ്ഞതോടെയുണ്ടായ സംഘർഷത്തിൽ വിദ്യാർഥികളടക്കം നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആർഎംഎൽ ആശുപത്രിയിലെത്തി രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. വിഷയം പാർലമെന്റിലും പ്രതിപക്ഷം ശക്തമായി ഉയർത്തി. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി കോൺഗ്രസ് തെരുവിലിറങ്ങിയത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഡെൽഹിയിലെ ഖർഗെയുടെ വസതിക്ക് മുമ്പിൽ നിന്നാണ് പ്രതിഷേധ സമരം ആരംഭിച്ചത്. ഒരുകിലോമീറ്റർ അകലെയുള്ള അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതി ലക്ഷ്യമാക്കി അപ്രതീക്ഷിതമായിരുന്നു കോൺഗ്രസിന്റെ നീക്കം. മുഴുവൻ എംപിമാരെയും അണിനിരത്തിയായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം.
ഇവർക്ക് പിന്തുണയായിട്ടാണ് മുഖ്യമന്ത്രി വിഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കൾ എത്തിയത്. പകുതിയോളം എംപിമാരെ നിലവിൽ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ തറയിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിൽ കയറ്റിയത്. കൊടിക്കുന്നിൽ സുരേഷ് എംപിയെയും കസ്റ്റഡിയിൽ എടുത്തു.
നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പടെ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡെൽഹിയിൽ സിജെപി നടത്തുന്ന പ്രതിഷേധ മാർച്ച് ആണ് ഇന്നലെ മുതൽ അക്രമാസക്തമായത്. പാർലമെന്റ് മാർച്ച് പോലീസ് തടഞ്ഞതോടെ ജന്തർ മന്തർ യുദ്ധക്കളമായി. സമരക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.
പ്രധാനമന്ത്രിയുടെ കേന്ദ്ര ആഭ്യന്തര മന്ത്രിയും രാജിവെക്കണമെന്നാണ് കോൺഗ്രസ് ആവശ്യം. അതേസമയം, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനത്തെ നേരിട്ട കേന്ദ്രസേനയുടെയും ഡെൽഹി പോലീസിന്റെയും അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.
Most Read| ഡെങ്കിപ്പനി പ്രതിരോധത്തിൽ ഇന്ത്യക്ക് സുപ്രധാന നേട്ടം; വാക്സിന് അനുമതി



































