ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പടെ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡെൽഹിയിൽ സിജെപി നടത്തുന്ന പ്രതിഷേധ മാർച്ച് അക്രമാസക്തമായി. പാർലമെന്റ് മാർച്ച് പോലീസ് തടഞ്ഞതോടെ ജന്തർ മന്തർ യുദ്ധക്കളമായി. സമരക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
നാലുതവണ പോലീസുകാർ ലാത്തിച്ചാർജ് നടത്തിയിരുന്നു. എന്നാൽ, പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി. അതേസമയം, യുവജനരോഷം ആളിക്കത്തിയതോടെ പ്രതിരോധത്തിലായ കേന്ദ്ര സർക്കാർ തങ്ങളെ ചർച്ചകൾക്ക് വിളിച്ചതായി കോക്രോച്ച് ജനത പാർട്ടി വക്താവ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയാണ് ചർച്ചയ്ക്ക് വിളിച്ചത്.
സൗരവ് ടാർ, അശുതോഷ് റാങ്ക എന്നിവരടങ്ങുന്ന സിജെപി സംഘം ജെപി നദ്ദയെ കാണുമെന്നാണ് വിവരം. പ്രതിഷേധം അക്രമാസക്തമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. പാർലമെന്റിലാണ് കൂടിക്കാഴ്ച.
സിജെപി പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ സുരക്ഷാ ബാരിക്കേടുകൾ ലംഘിക്കാൻ ശ്രമിച്ചപ്പോൾ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ ഡെൽഹിയുടെ വിവിധ മേഖലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
ഏകദേശം എണ്ണായിരത്തോളം പേർ മാർച്ചിൽ പങ്കെടുക്കാനായി എത്തിയെന്നാണ് ആർപിഎഫ് പറയുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരവ്യാപകമായി ആർപിഎഫും പോലീസും സേനയെ വിന്യസിച്ചിരുന്നു. ജന്തർ മന്തറിലേക്ക് പ്രവേശിക്കുന്ന എല്ലാ വഴികളും പോലീസ് പൂർണമായി അടച്ചുപൂട്ടിയിരുന്നു. മെട്രോ സ്റ്റേഷൻ അടക്കം അടച്ചിട്ടിരുന്നു.
ഡെപ്യൂട്ടി കമ്മീഷണർ, അഡീഷണൽ ഡിസിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സാഹചര്യം നേരിട്ട് നിരീക്ഷിക്കുകയാണ്. പാർലമെന്റിലേക്കുള്ള പ്രതിഷേധ മാർച്ചിന് യാതൊരുവിധ മുൻകൂർ അനുമതിയും വാങ്ങിയിട്ടില്ലെന്ന് ന്യൂഡെൽഹി ഡിസിപി സച്ചിൻ ശർമ പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിച്ച പശ്ചാത്തലത്തിൽ ഡെൽഹിയിൽ സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം




































