വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കിയ ഏഷ്യയിലെ പ്രായം കുറഞ്ഞ കുട്ടിയെന്ന വിശേഷണത്തിന് അർഹയായി മലയാളി ബാലിക. തൃശൂർ സ്വദേശി കൃഷ്ണരാജ് ഇടത്തൂട്ടിന്റെയും അരുണ വി പണിക്കാരുടെയും എട്ടുവയസുകാരിയായ മകൾ ഇയ്യ കൃഷ് ആണ് മൊറോക്കോയിലെ 4167 മീറ്റർ ഉയരമുള്ള മൗണ്ട് ടുബ്കാൽ കീഴടക്കി ചരിത്രം കുറിച്ചത്.
അച്ഛൻ കൃഷ്ണരാജിനോടൊപ്പമാണ് ജൂലൈ ഏഴിന് ഇയ്യ കൊടുമുടിയുടെ നെറുകയിലെത്തിയത്. അച്ഛന്റെ മൂന്ന് കൂട്ടുകാരും പരിചയസമ്പന്നരായ മലകയറ്റക്കാരൻ നാസർ ഹുസൈനും സംഘത്തിന് ഒപ്പമുണ്ടായിരുന്നു. മൂന്ന് ദിവസമെടുത്താണ് ഇവർ കൊടുമുടി കയറിയത്.
യുഎഇയിലെ ഫുജൈറയിൽ ഷിപ്പിങ് മേഖലയിലെ ജീവനക്കാരൻ കൃഷ്ണരാജും ഭാര്യ അരുണയും. ഇയ്യ കൃഷ് അവിടെ റോയൽ പ്രൈവറ്റ് ഇംഗ്ളീഷ് സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാർഥിനിയാണ്. അഞ്ചാം വയസിൽ യുഎഇയിലെ ജബൽ ജെയ്സ് എന്ന പർവ്വതവും ഈ കൊച്ചുമിടുക്കി കീഴടക്കിയിട്ടുണ്ട്. വാരാന്ത്യങ്ങളിൽ ഉയരം കൂടിയ മലകൾ കയറിയാണ് മൗണ്ട് ടുബ്കാൽ കയറാനുള്ള പരിശീലനം ഇയ്യ നേടിയത്.
മാർച്ച് ആദ്യവാരം മൗണ്ട് ടുബ്കാൽ കീഴടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രതിക്കൂല കാലാവസ്ഥ കാരണം 3500 മീറ്ററിൽ തിരിച്ചിറങ്ങേണ്ടി വന്നു. കാലാവസ്ഥ അനുകൂലമായതോടെ ജൂൺ അഞ്ചിന് കയറിത്തുടങ്ങി. ഏഴിന് വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ നെറുകയിൽ മലയാളി ബാലിക ചരിത്രം കുറിച്ചു.
Most Read| മകൾക്ക് കൂട്ടുപോയി; ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കോടെ ഷീജുവിന്റെ മടക്കം






































