മകളുടെ പഠനാവശ്യത്തിന് കൂട്ടായാണ് മേലൂർ അടിച്ചിലി സ്വദേശിനിയായ 56-കാരി കെകെ. ഷീജു പുതുച്ചേരിക്ക് വണ്ടി കയറിയത്. ആ യാത്ര ഷീജുവിന്റെ പഠനത്തിലേക്കും വഴിതുറക്കുമെന്ന് അവർ അറിഞ്ഞിരുന്നില്ല. ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കുകാരിയായാണ് ഷീജു നാട്ടിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നത്.
2024ൽ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ സോഷ്യോളജിയിൽ ഗവേഷണത്തിന് പ്രവേശനം ലഭിച്ച മകൾ പാർവതിക്കൊപ്പമാണ് ഷീജു പുതുച്ചേരിയിൽ എത്തിയത്. ചാലക്കുടി ബ്ളോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടായ ഷീജു, സോഷ്യോളജിയിൽ നേരത്തെ പിജി എടുത്തിരുന്നു.
ചാലക്കുടി നിർമല കോളേജിലും തൃശൂർ കൈരളി വിദ്യാപീഠത്തിലും ചാലക്കുടി അമിറ്റി കോളേജിലും അധ്യാപികയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ എത്തിയപ്പോൾ മകളുടെ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഷീജു തുടർന്ന് പഠിക്കാൻ തീരുമാനിച്ചത്.
സർവകലാശാലയിൽ തന്നെ സ്‌പോട്ട് അഡ്‌മിഷനിലൂടെ ഷീജുവിന് വിമൻ സ്‌റ്റഡീസിൽ പ്രവേശനവും ലഭിച്ചു. തന്റെ മകളുടെ പ്രായമുള്ള കുട്ടികൾക്കൊപ്പം ക്ളാസിലിരിക്കുമ്പോൾ ആദ്യമൊക്കെ ചെറിയൊരു നീരസം തോന്നിയെങ്കിലും പിന്നീട് ഷീജു അവരിലൊരാളായി മാറി.
പഠനത്തിൽ കഴിവ് തെളിയിച്ചു. ഒടുവിൽ സ്വർണമെഡലോടെ ഒന്നാം റാങ്ക്. പഠനത്തോടൊപ്പം പുതുച്ചേരിയിൽ പോഷ് ആക്‌ട് ട്രെയിനറായും ഷീജു തിളങ്ങി. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾക്ക് എതിരെ അവബോധം പകരുന്നതിൽ സജീവമായ ഇടപെടലാണ് ഷീജു പോണ്ടിച്ചേരിയിൽ നടത്തുന്നത്.
മകൾക്ക് പിന്നാലെ സോഷ്യോളജിയിൽ ഗവേഷക വിദ്യാർഥിയാവാനുള്ള ഒരുക്കത്തിലാണ് ഷീജു. ഷീജുവിന്റെ മറ്റൊരു മകളായ ലക്ഷ്‌മിയും ഇതേ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ നിന്ന് പിജി എടുത്ത ശേഷം ‘ടീച്ച് ഫോർ ഇന്ത്യ’യിൽ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുകയാണ്.
Most Read| യുദ്ധം അവസാനിക്കുന്നു; കരാറിൽ എത്തിയതായി യുഎസ്, സ്‌ഥിരീകരിച്ച് ഇറാൻ



































