ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഈമാസം 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ കണ്ണീർവാതകവും ലാത്തിച്ചാർജും പെല്ലറ്റും പ്രായോഗിച്ച ഡെൽഹി പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി.
സമാധാനപരമായ പ്രതിഷേധം നടത്താൻ എല്ലാവർക്കും ഭരണഘടനാപരമായ അവകാശം ഉണ്ടെന്നും അത് നിഷേധിക്കാനാവില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് വ്യക്‌തമാക്കി. പ്രക്ഷോഭം ഉണ്ടായി എന്നതുകൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനപരമായി സമരം നേരിടുന്നതിന് പ്രോട്ടോകോൾ തയ്യാറാക്കണമെന്നും ചീഫ് ജസ്‌റ്റിസ് നിർദ്ദേശിച്ചു.
പ്രതിഷേധത്തിന്റെ പേരിൽ പോലീസിന് അമിതാധികാരം പ്രയോഗിക്കാൻ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളെ ക്രൂരമായി നേരിട്ട സംഭവത്തിൽ പോലീസിനും കേന്ദ്ര സേനകൾക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിജെപിയുടെ അടക്കം ഹരജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ രൂക്ഷ പ്രതികരണം.
സംഭവത്തിൽ പരിക്കേറ്റ പോലീസുകാരുടെ കുടുംബങ്ങളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ വാദം കേൾക്കണമെന്നാണ് ഇവരുടെ വാദം. പ്രതിഷേധക്കാർക്ക് മാത്രമല്ല, പോലീസുകാർക്കും പരിക്കേൽക്കുന്നത് ആശങ്കപ്പെടുത്തുന്ന വിഷയമാണെന്ന് ബെഞ്ചിലെ അംഗമായ ജസ്‌റ്റിസ് ജോയ്‌മാല ബാഗ്‌ചി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ല എന്നതിനെക്കുറിച്ചും വിശദീകരണം നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ജസ്‌റ്റിസ് പറഞ്ഞു.
ഇതിനിടെ, എല്ലാ ഹരജികളും നാളെ ഒരുമിച്ച് കേൾക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് എല്ലാ ഹരജികളും നാളെ കേൾക്കാൻ ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.
അതേസമയം, ലോക്‌സഭയിൽ സർക്കാർ കൊണ്ടുവന്ന പരീക്ഷാ ഭേദഗതി ബില്ലിൻമേലുള്ള ചർച്ച പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. മന്ത്രി ജിതേന്ദ്ര സിങ് ബില്ല് അവതരിപ്പിച്ചെങ്കിലും പോലീസ് നടപടിയിൽ അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
പരീക്ഷാ ക്രമക്കേടിൽ പരമാവധി പത്തുവർഷം വരെ തടവും പത്തുകോടി രൂപ പിഴയും വ്യവസ്‌ഥ ചെയ്യുന്ന ബില്ലാണ് അവതരിപ്പിച്ചത്. എന്നാൽ, മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധം ശക്‌തമാക്കിയതോടെ സഭ പിരിയുകയായിരുന്നു.
Most Read| നിതിൻ രാജിന്റെ മരണം; പ്രതി റാമിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു



































