ചെന്നൈ: വിജയ്‌ക്ക് പിന്നാലെ തമിഴ് സൂപ്പർതാരം ധനുഷും രാഷ്‌ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായി സൂചന. പ്രാദേശിക ക്ഷേമ പ്രവർത്തനങ്ങളിൽ ആരാധകർ ഇടപെടണമെന്ന ധനുഷിന്റെ പ്രസംഗമാണ് തമിഴകത്ത് പുതിയ രാഷ്‌ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
സിനിമാ ആഘോഷങ്ങൾക്കപ്പുറം ജനസേവനത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമാകാനാണ് ധനുഷ് ആരാധകരോട് ആഹ്വാനം ചെയ്യുന്നത്. ഞായറാഴ്‌ച തന്റെ ആരാധക കൂട്ടായ്‌മ സംഘടിപ്പിച്ച രക്‌തദാന ക്യാമ്പിൽ സംസാരിക്കവെയാണ് ധനുഷിന്റെ ആഹ്വാനം.
”ഇത്രയധികം ആളുകൾ ഒരുമിച്ച് കൂടിയിരിക്കുന്നു. ഈ ഒത്തൊരുമയ്‌ക്ക് വലിയൊരു ശക്‌തിയുണ്ട്. നമ്മൾ ആ ശക്‌തിക്ക് കൃത്യമായൊരു ലക്ഷ്യം നൽകണം. ഓഡിയോ ലോഞ്ചുകൾക്കും ഒത്തുചേരലുകൾക്കും അപ്പുറം, നമ്മൾ കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. നിങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെയും ചുറ്റുമുള്ള കുടുംബങ്ങളുടെയും ആവശ്യങ്ങൾ എന്താണെന്ന് മനസിലാക്കി അവരെ സഹായിക്കുക. നിങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ അഭിമാനം തോന്നണം. നിങ്ങൾ ഇത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു”- ധനുഷ് പറഞ്ഞു.
പ്രസംഗത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ വിജയ്‌ക്ക് ശേഷം ധനുഷും രാഷ്‌ട്രീയത്തിലേക്ക് ചുവടുവയ്‌ക്കുകയാണെന്ന തരത്തിൽ ചർച്ചകൾ തുടങ്ങിയത്. ധനുഷും രാഷ്‌ട്രീയത്തിലേക്ക് എത്തുകയാണെങ്കിൽ തമിഴ് രാഷ്‌ട്രീയത്തിലെ താരപ്പോരാട്ടം പുതിയ തലത്തിലേക്ക് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം




































