യുദ്ധം അവസാനിക്കുന്നു; കരാറിൽ എത്തിയതായി യുഎസ്, സ്‌ഥിരീകരിച്ച് ഇറാൻ

ഈമാസം 19ന് സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വെച്ച് കരാറിൽ ഔദ്യോഗികമായി ഒപ്പുവയ്‌ക്കാനാണ് തീരുമാനം.

By Senior Reporter, Malabar News
donald-trump
ഡൊണാൾഡ് ട്രംപ്

വാഷിങ്ടൻ: മൂന്നുമാസത്തിലേറെ നീണ്ടുനിന്ന അമേരിക്ക-ഇറാൻ യുദ്ധത്തിന് അവസാനമാകുന്നു. ചരിത്രപരമായ സമാധാന കരാറിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഈമാസം 19ന് സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വെച്ച് കരാറിൽ ഔദ്യോഗികമായി ഒപ്പുവയ്‌ക്കാനാണ് തീരുമാനം.

ലബനൻ ഉൾപ്പടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നീക്കങ്ങൾ ഉടനടി സ്‌ഥിരമായി അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു. ഇറാന് നേരെയുള്ള നാവിക ഉപരോധം അമേരിക്ക ഉടനടി നീക്കും. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു.

കരാറിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച 12 ശതകോടി ഡോളർ യുഎസ് വിട്ടുനൽകുമെന്നാണ് റിപ്പോർട്ടുകൾ. 60 ദിവസത്തെ ചർച്ചാ കാലയളവിൽ ഇത് 24 ശതകോടി ഡോളറായി ഉയർന്നേക്കാമെന്നും സൂചനയുണ്ട്. കരാർ ഒപ്പുവെച്ച ശേഷം തുടർന്നുള്ള 60 ദിവസങ്ങളിൽ അവസാനവട്ട ചർച്ചകൾ നടക്കും. ഇറാന്റെ ആണവ പദ്ധതികൾ, ഉപരോധങ്ങൾ നീക്കൽ എന്നിവ ഈ കാലയളവിൽ ചർച്ചാ വിഷയമാകും.

അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന കരാറിൽ എത്തിയതായി പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് വ്യക്‌തമാക്കി. ഇതോടൊപ്പം ലബനൻ ഉൾപ്പടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ ഉടനടി സ്‌ഥിരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായും അദ്ദേഹം വ്യക്‌തമാക്കി. എക്‌സിലൂടെയാണ് പാക്ക് പ്രധാനമന്ത്രി നിർണായക വിവരങ്ങൾ പങ്കുവെച്ചത്.

സമാധാന പാതയിലേക്ക് വരാൻ തയ്യാറായ അമേരിക്കക്കും ഇറാനും ഷഹ്ബാസ് ഷെരീഫ് നന്ദി അറിയിച്ചു. ചർച്ചകൾ വിജയകരമാക്കാൻ പിന്തുണ നൽകിയ ഖത്തറിനും, കരാർ യാഥാർഥ്യമാക്കിയതിൽ നിർണായക സംഭാവനകൾ നൽകിയ സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിനും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ട്രംപും കരാറിൽ പ്രതികരിച്ചു. ”ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ സ്‌റ്റാർട്ട് ചെയ്യൂ, എണ്ണ ഒഴുകട്ടെ”- എന്ന് കുറിച്ചുകൊണ്ടാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തെ ലോക രാഷ്‌ട്രങ്ങൾ സ്വാഗതം ചെയ്‌തു. യുഎസ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇതിനെ ”നിർണായകമായ ചുവടുവെപ്പ്” എന്നാണ് വിശേഷിപ്പിച്ചത്.

പിന്നാലെ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളും ഇറാനുമേലുള്ള ഉപരോധം നീക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി. ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കുകയും രണ്ടുമാസത്തിനുള്ളിൽ അന്തിമ ഉടമ്പടിക്കായി ചർച്ചകൾ നടത്തുകയും ചെയ്യുമെന്ന് ഇറാനിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗാരിബാബാദി പറഞ്ഞു.

ഹോർമുസ് കടലിടുക്ക് തുറന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആശ്വസിക്കാം. ഹോർമുസിലെ ഉപരോധം ലോകമെമ്പാടും സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരുന്നു. ഇന്ത്യയിൽ പാചകവാതക പ്രതിസന്ധി രൂക്ഷമാക്കി. തുടക്കത്തിൽ ഇന്ധനവില പിടിച്ചു നിർത്തിയെങ്കിലും സമ്മർദ്ദം കൂടിയതോടെ വില ഉയർത്താൻ നിർബന്ധിതമായി. യുദ്ധം അവസാനിച്ചാലും സാധാരണ നിലയിലെത്താൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read| ‘പ്രിയദർശിനി’ പദ്ധതി ഇന്ന് മുതൽ; ഓർഡിനറിയിൽ മാത്രം, ദൂരപരിധിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE