11 തവണ എവറസ്‌റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’

ലോകത്ത് ഏറ്റവും കൂടുതൽ തവണ (11 തവണ) എവറസ്‌റ്റ് കീഴടക്കിയ വനിതയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ നേപ്പാളി പർവതാരോഹകയാണ് ലപ്‌കെ ഷെർപ.

By Senior Reporter, Malabar News
Lhakpa Sherpa
ലപ്‌കെ ഷെർപ (Image Courtesy: Business Insider)

ജീവിതം ഒരു പോരാട്ടമാണെന്നും സ്വന്തം പ്രയത്‌നം കൊണ്ട് അതിൽ വിജയിച്ചുകയറാമെന്നും തെളിയിച്ചവരിൽ ഒരാളാണ് ലപ്‌കെ ഷെർപ. ലോകത്ത് ഏറ്റവും കൂടുതൽ തവണ (11 തവണ) എവറസ്‌റ്റ് കീഴടക്കിയ വനിതയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ നേപ്പാളി പർവതാരോഹകയാണ് ലപ്‌കെ ഷെർപ. ‘മൗണ്ടൻ ക്വീൻ’ എന്നറിയപ്പെടുന്ന ഇവർ പ്രതികൂല സാഹചര്യങ്ങളോട് പോരാടി അതിജീവിച്ച് ചരിത്രം കുറിച്ച വനിതയാണ്.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം പോലും നിഷേധിച്ചിരുന്ന കാലത്തായിരുന്നു ലപ്‌കെ ഷെർപ എന്ന നാടോടി പെൺകുട്ടിയുടെ ജനനം. കിഴക്കൻ നേപ്പാളിലെ മകാലു മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 13,000 അടിയിലധികം ഉയരത്തിലുള്ള ഒരു ഗ്രാമത്തിലാണ് ലപ്‌കെ ഷെർപ ജനിച്ചത്. സഹോദരൻമാരെ ചുമലിലേറ്റി മണിക്കൂറുകൾ താണ്ടി സ്‌കൂളിലെത്തിച്ചത് അവളായിരുന്നുവെങ്കിലും പെൺകുട്ടിയായതിന്റെ പേരിൽ മാത്രം അവൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു.

വിദ്യാഭ്യാസവും നല്ല തൊഴിലും സ്വപ്‌നം കാണാൻ പറ്റാത്തത്ര ദൂരത്താണെങ്കിലും ജീവിതത്തിൽ തോൽക്കാൻ അവൾക്ക് മനസുണ്ടായിരുന്നില്ല. പാഠപുസ്‌തകങ്ങളിലെ അറിവുകൾക്കപ്പുറം ജീവിതത്തിൽ അവൾ പലതും പഠിച്ചു. പെണ്ണായതിന്റെ പേരിൽ പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിച്ച് മാറ്റിനിർത്തിയ ആളുകൾക്ക് മുന്നിൽ ഒരുദിവസം തലയെടുപ്പോടെ നിൽക്കണമെന്നവൾ ആഗ്രഹിച്ചു.

ആ ആഗ്രഹമാണ് ഇന്നവളെ കൊടുമുടിയോളം എത്തിച്ചത്. അമേരിക്കയിലേക്ക് താമസം മാറിയതിന് പിന്നാലെ വീട്ടുജോലികളിൽ ഏർപ്പെട്ടാണ് അവർ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. ഇതിനിടെ, പർവതാരോഹണത്തെ കുറിച്ചുള്ള സാങ്കേതിക കഴിവുകൾ സ്വയം പഠിച്ചെടുത്ത അവർ 2000ത്തിൽ എവറസ്‌റ്റ് കീഴടക്കിയ ആദ്യ നേപ്പാളി വനിതയെന്ന വിശേഷണത്തിന് അർഹയായി.

2003ൽ മൂന്നുതവണ എവറസ്‌റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിതയെന്ന വിശേഷണവും നേടി. പിന്നീട് റെക്കോർഡുകൾ തകർത്തുകൊണ്ടിരുന്നു. 2026 മേയ് മാസത്തോടെ 11 തവണ കൊടുമുടി കയറി സ്വന്തം റെക്കോർഡ് അവർ വീണ്ടും തിരുത്തി. ദുരിതപൂർണമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് തന്റെ പർവതാരോഹണ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയതെന്ന് ലപ്‌കെ ഷെർപ പറയുന്നു.

”എവറസ്‌റ്റ് യാത്രകൾക്കിടയിലുള്ള സമയങ്ങളിൽ പോലും ഞാൻ അമേരിക്കയിൽ പാത്രങ്ങൾ കഴുകിയും വീടുകൾ വൃത്തിയാക്കിയുമാണ് ജീവിച്ചത്. മുന്നിൽ വന്ന എല്ലാ ജോലികളും ഞാൻ ചെയ്‌തു. ഇനിയും ചെയ്യും. ഞാൻ ഗർഭിണി ആയിരുന്നപ്പോൾ പോലും എവറസ്‌റ്റിൽ പോയിട്ടുണ്ട്. പിന്നീട് ദീർഘകാലം ഒരു അമ്മയുടെ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. അതല്ലായിരുന്നുവെങ്കിൽ, ഞാൻ ഇതിനകം 30 തവണ എവറസ്‌റ്റിന്റെ നെറുകയിൽ എത്തുമായിരുന്നു”- ലപ്‌കെ ഷെർപ പറഞ്ഞു.

എനിക്ക് ആരോഗ്യം ഉണ്ടെങ്കിൽ 80 വയസാകുന്നതുവരെ എവറസ്‌റ്റ് കയറാൻ ആഗ്രഹിക്കുന്നുണ്ടെന്നും ലപ്‌കെ  കൂട്ടിച്ചേർത്തു. നിലവിൽ സ്വന്തമായി ക്‌ളൗഡ്‌സ്‌കേപ്പ് ക്‌ളൈംബിങ് എന്ന സ്‌ഥാപനം നടത്തുകയാണ് ലപ്‌കെ ഷെർപ. ഇവരുടെ ജീവിതകഥയെ ആസ്‌പദമാക്കി ലൂസി വാക്കർ സംവിധാനം ചെയ്‌ത ‘മൗണ്ടൻ ക്വീൻ: ദി സമ്മിറ്റ് ഓഫ് ലപ്‌കെ ഷെർപ’ എന്ന പേരിൽ ഒരു ഡോക്യൂമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE