കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ് നിർദ്ദേശം നൽകിയിരുന്നു.
വിദഗ്ധ ഡോക്ടർമാർ അടങ്ങിയ പാനൽ ചികിൽസാ രേഖകൾ പരിശോധിക്കും. ഒന്നരവയസുകാരൻ ദേവാൻഷ് ശൗര്യക്ക് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശസ്ത്രക്രിയ നടത്തേണ്ട മുറിവ് കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മരണകാരണം അനസ്തേഷ്യ നൽകിയത് തന്നെയാണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ, അനസ്തേഷ്യ നൽകിയതിന് ശേഷം കുട്ടിയുടെ തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഓക്സിജൻ വിതരണവും രക്തപ്രവാഹവും നിലച്ചതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായെന്നാണ് ആശുപത്രി അധികൃതർ നേരത്തെ ബന്ധുക്കളോട് പറഞ്ഞത്.
എത്ര അളവിലാണ് അനസ്തേഷ്യ നൽകിയത്, അനിവാര്യമായ നടപടിക്രമങ്ങൾ പാപിച്ചിരുന്നോ എന്നിവ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ കൂടി പുറത്തുവരേണ്ടതുണ്ട്. അതേസമയം, മറ്റു സാഹചര്യങ്ങൾ കൊണ്ടും മസ്തിഷ്ക മരണം സംഭവിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ കുട്ടിയുടെ ആന്തരിക അവയവങ്ങൾ കോഴിക്കോട്ടെ ലാബിൽ പരിശോധിക്കും.തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും ആശുപത്രിയിൽ നൽകിയ ചികിൽസയും മെഡിക്കൽ ബോർഡ് പരിശോധിച്ച് റിപ്പോർട് ആരോഗ്യവകുപ്പിന് കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.
സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം തുടരുകയാണ്. ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും. രണ്ടുദിവസത്തിനകം ഡോക്ടർമാർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്ടർക്ക് പുറമെ പീഡിയാട്രീഷ്യൻ, പ്ളാസ്റ്റിക് സർജൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇവരുടെ ഫോൺ സ്വിച്ച് ഓഫാണെന്ന് പോലീസ് പറയുന്നു. ബിഎംഎച്ച് ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടറായ അഞ്ജലി പൊതുവാളിനെതിരെ പോലീസ് നേരെത്തെ കേസെടുത്തിരുന്നു.
എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ആണ് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെന്റിലേറ്റർ ചികിൽസയിലിരിക്കെ മരിച്ചത്. കളിക്കുന്നതിനിടെ വീണ് മുഖത്തും ചുണ്ടിലും മുറിവേറ്റ കുട്ടിയെ സ്റ്റിച്ചിടാനായി പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മയങ്ങി വീഴുകയും കണ്ണ് മുകളിലേക്ക് ആവുകയും ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. കുഞ്ഞിനെ ഉടൻ തന്നെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഇതോടെ ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം




































