ന്യൂഡെൽഹി: വിയറ്റ്നാം ബോട്ടപകടത്തിൽ മരിച്ച 15 പേരിൽ മലയാളി ദമ്പതികളും. കൊല്ലം കൊട്ടാരക്കര ആവിയോട്ട് ഹൗസിൽ എസി തോമസ് (57), ഭാര്യ ലോവേനി (56) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര വിക്ടറി ഗ്രൂപ്പ് ഉടമയായ തോമസും ഭാര്യയും കൊല്ലത്തുനിന്ന് ഈമാസം ഏഴിനാണ് വിയറ്റ്നാമിലേക്ക് യാത്ര തിരിച്ചത്.
ഇവരുടെ മരണം സ്ഥിരീകരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംപി വിയറ്റ്നാമിലെ ഇന്ത്യൻ അബാസിഡറുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിന് ഇന്ത്യൻ എംബസി നടപടി സ്വീകരിക്കുമെന്ന് അംബാസിഡർ എംപിയെ അറിയിച്ചു.
വിയറ്റ്നാം എംബസിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്ക സിഇഒയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. വിദേശകാര്യ മന്ത്രാലയവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ആശയവിനിമയം നടത്തുന്നുണ്ട്. ഏകോപനത്തിനായി കേരള ഹൗസ് റസിഡന്റ് കമ്മീഷണറെയും ചുമതലപ്പെടുത്തി.
ഫു ക്വോക്ക് ദ്വീപിന് സമീപം പ്രാദേശിക സമയം രാവിലെ 10.30ഓടെയാണ് ഇന്ത്യക്കാരായ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചത്. മരിച്ചവരിൽ മൂന്നുപേർ ആന്ധ്രപ്രദേശിൽ നിന്നും പത്തുപേർ തമിഴ്നാട്ടിൽ നിന്നും ഉള്ളവരാണ്. 36 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ 32 പേരും ഇന്ത്യക്കാരാണ്. മൂന്ന് ബോട്ട് ജീവനക്കാരും ഒരു അറ്റൻഡറുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് യാത്ര തിരിച്ച ബോട്ടാണ് കടലിൽ നിന്ന് 400 മീറ്റർ അകലെ അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി മിനിറ്റുകൾക്കകം തന്നെ ബോട്ട് മറിഞ്ഞെന്നാണ് വിവരം. കടൽ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റ് വീശിയതും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിലും ഹനോയിയിലെ എംബസിയിലുമായി ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഹോ ചി മിൻ സിറ്റിയിലെ കൺട്രോൾ നമ്പറുകൾ: +84362817930, +84915523714, +84334520414. ഹാനോയിലെ കൺട്രോൾ റൂം: +84913089165.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ദാരുണമായ വാർത്തയറിഞ്ഞതിൽ ദുഃഖമുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Most Read| കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അന്വേഷിക്കാൻ അഞ്ചംഗ വിദഗ്ധ സമിതി





































