വാഷിങ്ടൻ: ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രംപിനെ വധിക്കാൻ ഇറാൻ ആസൂത്രണം നടത്തുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് മുന്നറിയിപ്പ്. തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ ആ രാജ്യത്തെ ലക്ഷ്യമിട്ട് 1000 മിസൈലുകൾ സജ്ജമാണെന്ന് ട്രംപ് പറഞ്ഞു.
അത്തരമൊരു നീക്കമുണ്ടായാൽ ഇറാനെതിരെ വൻ സൈനിക ആക്രമണം നടത്താൻ യുഎസ് സൈന്യത്തിന് മുൻകൂട്ടി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഒരുവർഷത്തേക്ക് ആ നിർദ്ദേശം പ്രാബല്യത്തിൽ ഉണ്ടാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ-യുഎസ് സംഘർഷം കൂടുതൽ സങ്കീർണതകളിലേക്ക് നീങ്ങുന്നതിനിടെയാണ് ട്രംപിനെ വധിക്കാൻ ഇറാൻ ആസൂത്രണം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതി ആസൂത്രണം ചെയ്തെന്ന രഹസ്യാന്വേഷണ വിവരം ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറിയതായി യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. ഈ ആഴ്ചയാണ് ഇസ്രയേൽ ഇതുസംബന്ധിച്ച് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയത്. എന്നാൽ, ട്രംപ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല.
തന്നെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചന നടത്തുന്നുവെന്ന രഹസ്യവിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, ഏറെക്കാലമായി ഇറാന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് താനെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ട്രംപിനെ വധിക്കാൻ പരസ്യമായി ആഹ്വാനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ ട്രംപിന്റെ പ്രതികരണം വന്നതെന്നാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിൽ വ്യോമാക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ പ്രസ്താവന വലിയ അന്താരാഷ്ട്ര ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അതിനിടെ, യുഎസിന് മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം




































