കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയതിന് പിന്നാലെ അബോധാവസ്ഥയിലായ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ആണ് ഇന്നലെ രാത്രി മരിച്ചത്.
അനസ്തേഷ്യ നൽകിയതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുട്ടി വെന്റിലേറ്റർ സഹായത്തോടെ ചികിൽസയിൽ ആയിരുന്നു. എന്നാൽ, ഇന്നലെ ഉച്ചയോടെ രക്തസമ്മർദ്ദം കൂടുകയും രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയും ആയിരുന്നു. പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പരിയാരം മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം.
സംഭവത്തിൽ ചികിൽസാ പിഴവ് ആരോപിച്ച് കുടുംബം നൽകിയ പരാതിയിൽ ബിഎംഎച്ച് ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടറായ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ബന്ധുക്കളുടെ ആരോപണം നിഷേധിക്കുകയാണ് ആശുപത്രി അധികൃതർ.
ചികിൽസാ പിഴവ് ഉണ്ടായിട്ടില്ലെന്നും അപ്രതീക്ഷിതമായി കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുഞ്ഞിന്റെ മരണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തിയ ആശുപത്രി അധികൃതർ, മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് കുഞ്ഞിന് വൈദ്യസഹായം നൽകിയതെന്നും വ്യക്തമാക്കി. ലഭ്യമായ എല്ലാ ആധുനിക ചികിൽസാ സഹായങ്ങളും കുഞ്ഞിന് നൽകിയിരുന്നു. നിയമാനുസൃതമായ നടപടികൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും അധികൃതർ വിശദമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് കളിക്കുന്നതിനിടെ വീണ് മുഖത്തും ചുണ്ടിലും മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത്. ആദ്യം മാതമംഗലം ജനകീയ ആശുപത്രിയിൽ കൊണ്ടുപോവുകയും രണ്ട് സ്റ്റിച്ചിടണമെന്ന് പറഞ്ഞതിനെ തുടർന്ന് പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ആദ്യം കുഞ്ഞിനെ ഇതേ ആശുപത്രിയിലെ തന്നെ പീഡിയാട്രീഷ്യനെയാണ് കാണിച്ചത്. എന്നാൽ, അതിനുശേഷം പ്ളാസ്റ്റിക് സർജനെ കാണിക്കുകയും കുഞ്ഞ് ബഹളം വെച്ചതിനാൽ സർജൻ അനസ്തേഷ്യ നൽകാൻ നിർദ്ദേശിക്കുകയും ആയിരുന്നു. അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മയങ്ങി വീഴുകയും കണ്ണ് മുകളിലേക്ക് ആവുകയും ചെയ്തുവെന്നാണ് കുടുംബം പറയുന്നത്.
അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞത്. ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കുഞ്ഞിന് കൂടിയ അളവിൽ അനസ്തേഷ്യ നൽകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ചെറിയ മുറിവുമായി എത്തിയതിന് ആവശ്യമില്ലാതെ അനസ്തേഷ്യ നൽകി. ഇതിനെക്കുറിച്ച് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയില്ല. മാസം തികയാതെ ജനിച്ചതാണെന്ന് പറഞ്ഞിട്ടും അവർ മുഖവിലയ്ക്കെടുത്തില്ലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ അല്ലാതെ രണ്ടുവയസിന് താഴെയുള്ള കുട്ടികൾക്ക് അനസ്തേഷ്യ നൽകാറില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അനസ്തേഷ്യ സാധാരണയായി സുരക്ഷിതമായ മെഡിക്കൽ നടപടിയായി കണക്കാക്കപ്പെടുന്നുവെങ്കിലും അത് പൂർണ്ണമായും അപകടരഹിതമല്ല. രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി, ശസ്ത്രക്രിയയുടെ സ്വഭാവം, അടിയന്തര സാഹചര്യം, ഹൃദയവും ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗങ്ങൾ, അലർജി ചരിത്രം, മരുന്നുകളോടുള്ള പ്രതികരണം തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് അപകടസാധ്യത മാറാം. ഗുരുതരമായ അനസ്തേഷ്യ സംബന്ധമായ സങ്കീർണ്ണതകൾ അപൂർവമാണെങ്കിലും, മെഡിക്കൽ രംഗത്ത് ഇത് സംഭവിക്കാനുള്ള സാധ്യതയുണ്ട്.
Most Read| എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ




































