കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് അപകടം. ആറാം വളവിൽ ഇന്ന് രാവിലെയോടെയാണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ടാക്‌സി ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ മൂന്നാംനിര സീറ്റിന് മുകളിലേക്ക് മരം വീണതിനാലാണ് വലിയ ദുരന്തം ഒഴിവായത്. വാഹനത്തിന്റെ പിൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് തടസപ്പെട്ട ഗതാഗതം ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പുനഃസ്‌ഥാപിച്ചത്. ഇപ്പോഴും ചുരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ബുധനാഴ്‌ച അർധരാത്രിയിലും ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. അതിനിടെ, എട്ടാം വളവിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടത് ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് റോഡിന്റെ ഒരുവശത്ത് വിള്ളൽ രൂപപ്പെട്ടത്.
മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ വിള്ളൽ കണ്ട ഭാഗത്ത് കൂടുതൽ മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വിള്ളൽ കാണപ്പെട്ട ഭാഗത്ത് വലിയ വാഹനങ്ങൾക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഡിവൈഡറുകൾ സ്‌ഥാപിച്ചു. വിള്ളൽ രൂപപ്പെട്ട റോഡിലൂടെ ഒരു വരിയായിട്ടാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം



































