ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും എസ്ഐടി പരിശോധിച്ചു.
പ്രതികളുടെ സ്വത്ത് ഇടപാടുകളെ കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. ക്ഷേത്ര ട്രസ്റ്റിന്റെ ഇടപാടുകളും ക്രമക്കേടുകൾ നടന്നതായാണ് വിവരം. ട്രസ്റ്റ് വാങ്ങിയ ഭൂമികളിൽ കേസിൽപ്പെട്ട ഭൂമികളും ഉൾപ്പെടുന്നുണ്ട്. ഇതിൽ അന്വേഷണത്തിന്റെ ഭാഗമായി ട്രസ്റ്റിന് ഭൂമി വിറ്റവരുടെയും മൊഴിയെടുത്തു. കേസിൽ അറസ്റ്റിലായ മിക്കവരും ആഡംബര വീടുകളും കാറുകളും വാങ്ങാനാണ് തട്ടിച്ച പണം ഉപയോഗിച്ചത്.
രേഖകളിൽ 15000 രൂപവരെ മാസ വരുമാനം ഉള്ളവരാണ് ഞൊടിയിടയിൽ സമ്പന്നരായി മാറിയതെന്ന് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ സ്വത്തുക്കളിലെ വർധന ഇത് അടവരയിടുന്നു. അയോധ്യയിലെ തെരുവുകളിൽ ക്ഷേത്രത്തിൽ എത്തുന്നവർക്കും മറ്റും കുപ്പിവെള്ളം വിൽക്കുന്ന ജോലിയായിരുന്നു അവിനാശ് ശുക്ളയ്ക്ക്.
എന്നാൽ, രാമക്ഷേത്രത്തിലെ ജോലി ലഭിച്ചതോടെ ജീവിതം ആകെ മാറി. അയോധ്യയിൽ തന്നെ സ്വന്തമായി സ്ഥലം വാങ്ങി വീട് പണിയാനുള്ള ഒരുക്കത്തിലായിരുന്നു ഇയാൾ. ഇയാളുടെ എസ്യുവി കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മറ്റൊരു പ്രതിയായ ലാവ്കുശ് മിശ്ര അയോധ്യയിൽ തന്നെ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള വസ്തു വാങ്ങി. 25 ലക്ഷം രൂപ വരെ വിപണി മൂല്യമുള്ള സ്ഥലമാണ് ഇയാൾ വാങ്ങിയത്.
മറ്റൊരു പ്രതി ഹോസ്റ്റൽ നിർമിക്കാനാണ് മോഷ്ടിച്ച പണം ഉപയോഗിച്ചത്. ക്ഷേത്രത്തിൽ ജോലി ചെയ്യും മുൻപ് ഇയാൾ ഡ്രൈവറായിട്ടാണ് ജോലി ചെയ്തത്. ക്ഷേത്രത്തിൽ ജോലി ചെയ്യുന്നവരുടെ സ്വത്തിൽ അതിവേഗം ഉയർച്ച ഉണ്ടാകുന്നതിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. പരാതി കിട്ടിയ സംഭവങ്ങളിൽ പോലും അന്വേഷണം ഉണ്ടായില്ല.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































