പത്തനംതിട്ട: 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞു. കാമുകനുമായി പിരിഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി ഇത്തരത്തിൽ വ്യാജ പരാതി ഉന്നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കസ്റ്റഡിയിലെടുത്ത ആറുപേരെ പോലീസ് താൽക്കാലികമായി വിട്ടയച്ചിരുന്നു. പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് ഉള്ളതിനാലായിരുന്നു പോലീസ് ഇവരെ വിട്ടയച്ചത്. വൈദ്യപരിശോധനാ ഫലം ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റുകയായിരുന്നു.
സ്കൂളിൽ വച്ചുനടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരങ്ങൾ പുറത്തു പറഞ്ഞത്. പത്തിലധികം പേർ തന്നെ പീഡിപ്പിച്ചുവെന്നും ഇതിൽ ആറുപേർ സഹപാഠികളാണെന്നുമാണ് പെൺകുട്ടി പറഞ്ഞത്. തുടർന്ന് അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കേസിൽ പ്രായപൂർത്തിയാകാത്ത ആറുപേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. സ്കൂളിന് സമീപത്ത് വച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം എന്നാണ് പെൺകുട്ടി മൊഴി നൽകിയത്. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ സമയം കസ്റ്റഡിയിൽ എടുത്തവർ ഒരുമിച്ച് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി.
Most Read| സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണം; ടെലഗ്രാമിന് നോട്ടീസ്


































