ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമ പ്ളാറ്റ്‌ഫോമായ ടെലഗ്രാമിന് വീണ്ടും തിരിച്ചടി. സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നൽകി. കഴിഞ്ഞമാസം 21ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷയ്‌ക്ക് മുന്നോടിയായി ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ നടപടിയും. പകർപ്പവകാശമുള്ള സിനിമകൾ, ഒടിടി ഉള്ളടക്കങ്ങൾ, മറ്റ് ഓഡിയോ-വിഷ്വൽ മെറ്റിരിയലുകൾ എന്നിവയുടെ വ്യാജ പതിപ്പുകൾ ടെലഗ്രാമിലൂടെ വ്യാപകമായി പ്രചരിക്കുന്നത് കണ്ടെത്തി തടയണമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശം നൽകി. 15 ദിവസത്തിനകം നടപടി എടുക്കാനാണ് നോട്ടീസിൽ നിർദ്ദേശിക്കുന്നത്.
ഇന്ത്യയുടെ സിനിമാ വ്യവസായം, ഒടിടി പ്ളാറ്റ്‌ഫോമുകൾ എന്നിവയെ സംരക്ഷിക്കുന്നതും ചലച്ചിത്ര നിർമാതാക്കൾ, വിതരണക്കാർ, ബ്രോഡ്‌കാസ്‌റ്റർമാർ എന്നിവരുടെ നിലനിൽപ്പും ലക്ഷ്യമിട്ടാണ് നീക്കം. തുടർച്ചയായി നിയമലംഘനം നടത്തുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, അക്കൗണ്ടുകൾ, അഡ്‌മിനിസ്‌ട്രേറ്റർമാർ, ബന്ധപ്പെട്ട സ്‌ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കാനും ടെലഗ്രാമിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































