പാലക്കാട്: പെരിങ്ങോട്ടുകുറുശിയിലെ ജ്വല്ലറിയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി വൻ കവർച്ച. ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച നാലംഗ സംഘം ജ്വല്ലറിയിൽ നിന്ന് 20 പവൻ സ്വർണം കവർന്ന് മുങ്ങുകയായിരുന്നു. പെരിങ്ങോട്ടുകുറുശി ഇഷാൻ ജ്വല്ലറിയിൽ ഇന്ന് ഉച്ചയ്‌ക്ക് 2.30നാണ് സംഭവം.
കവർച്ചയ്‌ക്ക് ശേഷം തിരുവില്വാമല ഭാഗത്തേക്ക് കാറിൽ രക്ഷപ്പെട്ട സംഘത്തിനായി പോലീസ് തിരച്ചിൽ തുടങ്ങി. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഉടമയായ സനാദ്, ഭാര്യ ദിവ്യ, രണ്ടു ജീവനക്കാർ എന്നിവരാണ് സംഭവം നടക്കുമ്പോൾ ജ്വല്ലറിയിൽ ഉണ്ടായിരുന്നത്. സനാദും ജീവനക്കാരും ഭക്ഷണം കഴിക്കുന്നതിനിടെയാണ് നാലംഗ സംഘം എത്തിയത്.
ഈ സമയം ദിവ്യയും മറ്റൊരു ജീവനക്കാരിയുമാണ് കൗണ്ടറിൽ ഉണ്ടായിരുന്നത്. കവർച്ചാ സംഘത്തിലെ ഡ്രൈവർ കാറിലിരുന്നു. മൂന്നുപേർ ജ്വല്ലറിയിൽ കയറി സ്വർണമാല ആവശ്യപ്പെട്ടു. മാല എടുക്കുന്നതിനിടെ സംഘം തോക്ക് പുറത്തെടുത്തു. രണ്ടുപേർ കത്തിയും വീശി. ജീവനക്കാർ ചെറുക്കാൻ ശ്രമിച്ചെങ്കിലും അലമാരയിൽ നിന്ന് ഏതാനും ആഭരണങ്ങളുടെ പെട്ടി എടുത്തു.
ദിവ്യയും ജീവനക്കാരിയും സ്‌റ്റൂളും മറ്റും കൊണ്ട് ചെറുക്കാൻ ശ്രമിച്ചപ്പോൾ സംഘം വെടിയുതിർക്കുകയായിരുന്നു. സനാദും മറ്റു ജീവനക്കാരും എത്തുമ്പോഴേക്കും സംഘം കാറിൽ രക്ഷപ്പെട്ടു. ഇവർ ഹിന്ദിയാണ് സംസാരിച്ചതെന്ന് ജീവനക്കാർ പറയുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| മൂന്നുമാസത്തിനിടെ യൂട്യൂബ് നീക്കിയത് 1.1 കോടി വീഡിയോ; ഒന്നാമത് ഇന്ത്യ


































