ചെന്നൈ: മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ വീണ്ടും പാർലമെന്റിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതിനിടെ, നിലപാട് വ്യക്‌തമാക്കി ഡിഎംകെ. മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെയുടെ നിലപാടിൽ യാതൊരു വിട്ടുവീഴ്‌ചയുമില്ലെന്ന് ആവർത്തിച്ച് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എംകെ. സ്‌റ്റാലിൻ രംഗത്തെത്തി.
ബിജെപിയുമായി ഡിഎംകെ കൈകോർക്കാൻ ഒരുങ്ങുന്നുവെന്ന ടിവികെയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് സ്‌റ്റാലിന്റെ പ്രതികരണം. വനിതാ സംവരണവുമായി ബന്ധിപ്പിച്ച് കേന്ദ്രം അവതരിപ്പിക്കുന്ന മണ്ഡല പുനർനിർണയ ബില്ലിനെ ഡിഎംകെ പിന്തുണച്ചേക്കുമെന്ന ഊഹാപോഹങ്ങൾ തള്ളിയ അദ്ദേഹം, രണ്ട് പ്രധാന ആവശ്യങ്ങളിൽ പാർട്ടി ഉറച്ചുനിൽക്കുകയാണെന്നും പറഞ്ഞു.
തമിഴ്‌നാടിന്റെ ലോക്‌സഭാ സീറ്റ് വിഹിതം 7.18 ശതമാനത്തിൽ നിന്ന് കുറയരുതെന്നും, 1971ലെ സെൻസസ് അടിസ്‌ഥാനമാക്കിയുള്ള സംസ്‌ഥാനങ്ങൾ തമ്മിലുള്ള പാർലമെന്ററി പ്രാതിനിധ്യ അനുപാതം അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ നിലനിർത്തണമെന്നും സ്‌റ്റാലിൻ ആവശ്യപ്പെട്ടു. ഈ രണ്ട് ആവശ്യങ്ങളിലും ഡിഎംകെ ഉറച്ചുനിൽക്കുന്നുവെന്നും നിലപാടിൽ മാറ്റത്തിനോ വിട്ടുവീഴ്‌ചയ്‌ക്കോ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
വിജയ്‌ക്കൊപ്പം സർക്കാർ രൂപീകരണത്തിന് കൈകൊടുത്ത കോൺഗ്രസിനെയും സ്‌റ്റാലിൻ രൂക്ഷമായി വിമർശിച്ചു. അധികാരത്തിനായി തത്വങ്ങൾ മറന്ന നന്ദികെട്ടവർ തിരിച്ചറിയണമെന്നും പിന്നിൽ നിന്ന് കുത്തിയവരുടെ വിലാപം ഞങ്ങളെ തളർത്തില്ലെന്നും സ്‌റ്റാലിൻ കൂട്ടിച്ചേർത്തു.
2011ലെ സെൻസസ് അടിസ്‌ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണയിക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേർന്നിരുന്നു. നേരത്തെ അവതരിപ്പിച്ച ബില്ലുകളിൽ നിന്ന് മാറ്റങ്ങൾ വരുത്തിയാകും സഭയിൽ കൊണ്ടുവരിക. ഏപ്രിലിൽ ബില്ലുകൾ പരാജയപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് വീണ്ടും സഭയിൽ ബില്ലെത്തുന്നത്.
മാനദണ്ഡങ്ങൾ അനുസരിച്ചു ബിൽ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പ്രതിപക്ഷത്തെ ചില കക്ഷികളുടെയും വിമതരുടെയും പിന്തുണ തേടിയാണ് ബിജെപി നീക്കം നടത്തുന്നത്. ഡിഎംകെയുടെ 22 അംഗങ്ങൾ, എൻസിപി (ശരത് പവാർ) വിഭാഗത്തിന്റെ എട്ട് അംഗങ്ങൾ, വൈഎസ്ആർ കോൺഗ്രസിന്റെ നാല് അംഗങ്ങൾ എന്നിവരുടെ വോട്ടുകൾ ഉറപ്പിക്കാനായാൽ ഭൂരിപക്ഷത്തിലേക്ക് അടുക്കാമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































