ന്യൂഡെൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും നാടകീയതയ്ക്കും ഒടുവിൽ പാർലമെന്റ് വർഷകാല സമ്മേളനം പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധം നിലനിൽക്കെ, സമ്മേളനം തുടങ്ങി ഇതുവരെ സഭയിൽ എത്താതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സഭയിൽ എത്തിയിരുന്നു.
എന്നാൽ, ഒരക്ഷരം സംസാരിക്കാതെ വന്ദേമാതരം പൂർണമായി ആലപിച്ച ശേഷം സഭ പിരിയുകയായിരുന്നു. അതിനിടെ, സ്പീക്കറുടെ ചായസൽക്കാരം പ്രതിപക്ഷം ബഹിഷ്കരിച്ചു.
രാമേശ്വരത്തും തമിഴ്നാട്ടിലെ മറ്റു തീരദേശ ജില്ലകളിലും ശ്രീലങ്കൻ നാവികസേനാ ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ ആവർത്തിച്ച് അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യുന്നതിനെതിരെ കോൺഗ്രസ് എംപി മാണിക്കം ടാഗോർ ലോക്സഭയിൽ ശ്രദ്ധക്ഷണിക്കൽ നോട്ടീസ് നൽകിയെങ്കിലും വിഷയം പരിഗണനയ്ക്ക് എടുത്തില്ല.
ഇന്നും പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷം പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചിരുന്നു. ഡെൽഹിയിൽ വിദ്യാർഥികളെ തല്ലിച്ചതച്ചതിനും അയോധ്യ രാമക്ഷേത്രത്തിലെ കൊള്ളയിലും അമിത് ഷാ മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ പലപ്പോഴായി നിർത്തിവെച്ചിരുന്നു.
വെടിയുതിർത്തില്ല എന്ന് സർക്കാർ വാദിക്കുമ്പോഴും, വിദ്യാർഥികൾ ആശുപത്രിയിൽ ചികിൽസ തേടിയ സാഹചര്യത്തിൽ ആരാണ് പെല്ലറ്റ് പ്രയോഗത്തിന് നിർദ്ദേശം നൽകിയത് എന്നതിൽ വ്യക്തത വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. വിദ്യാർഥികളെ ആക്രമിക്കാൻ നിർദ്ദേശം നൽകിയത് അമിത് ഷാ ആണെങ്കിൽ അദ്ദേഹം രാജിവെക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്.
ഏത് ചോദ്യങ്ങൾക്കും മറുപടി പറയാനും രണ്ടുദിവസം നീളുന്ന ചർച്ചകൾക്കും തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ, സഭയിൽ പ്രതിഷേധിക്കില്ലെന്ന് ചർച്ച തുടങ്ങുന്നതിന് ഒരുമണിക്കൂർ മുൻപ് രേഖാമൂലം എഴുതി നൽകണമെന്ന വ്യവസ്ഥ പ്രതിപക്ഷം പൂർണമായി തള്ളി. അമിത് ഷാ ഒരുക്കിയ കെണിയിൽ വീഴാൻ തയ്യാറല്ലെന്നാണ് രാഹുൽ ഗാന്ധി ഇതിനോട് പ്രതികരിച്ചത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

































