കോഴിക്കോട്: സസ്പെൻഷനിൽ ആയിരുന്ന ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തതിൽ കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിന് അമർഷം. ഉദ്യോഗസ്‌ഥനെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും, അതിനിടെയാണ് സർവീസിലേക്ക് തിരിച്ചെടുത്തതെന്നുമാണ് നേതാക്കളുടെ ആക്ഷേപം.
2025 നവംബർ 30നാണ് വടകര ഡിവൈഎസ്‌പി ആയിരുന്ന ഉമേഷിനെ സസ്‌പെൻഡ് ചെയ്‌തത്. പാലക്കാട് ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്‍മഹത്യാ കുറിപ്പിലെ പീഡന പരാമർശത്തിന് പിന്നാലെയായിരുന്നു സസ്‌പെൻഷൻ. എന്നാൽ, സംഭവത്തിൽ ഇരയായ യുവതി പരാതി നൽകാതിരുന്നതിനെ തുടർന്ന് മറ്റു നടപടികൾ ഉണ്ടായില്ല.
അതേസമയം, ഉമേഷിനെതിരെ വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് സർവീസിൽ തിരിച്ചെടുത്തതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. എന്നാൽ, തിരിച്ചെടുക്കൽ ഉത്തരവിൽ ഉമേഷിനെതിരെ സ്വീകരിച്ച നടപടി എന്താണെന്ന് കൃത്യമായി വ്യക്‌തമാക്കിയിട്ടില്ലെന്നതിലും കോൺഗ്രസ് നേതൃത്വത്തിന് അതൃപ്‌തിയുണ്ട്.
കോൺഗ്രസ് കുടുംബവുമായുള്ള ബന്ധം ഉപയോഗിച്ച് ഉമേഷ് പാർട്ടിയിലെ ചില നേതാക്കളെ സ്വാധീനിച്ചുവെന്ന ആരോപണവുംനേതൃത്വത്തിലെ ഒരുവിഭാഗം ഉന്നയിക്കുന്നുണ്ട്. വടക്കഞ്ചേരി സിഐ ആയിരുന്നപ്പോൾ അനാശാസ്യ കേസിൽ കസ്‌റ്റഡിയിലെടുത്ത സ്‌ത്രീയെ പീഡിപ്പിച്ചു, കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
പോലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്‌തു എന്നും റിപ്പോർട്ടിൽ പറയുന്നു. അനാശാസ്യ കേസിൽ അറസ്‌റ്റിലായ ഒരു യുവതിയെ ഡിവൈഎസ്‌പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു ആത്‍മഹത്യ ചെയ്‌ത ചെർപ്പുളശ്ശേരി സിഐ ബിനു തോമസ് ആത്‍മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്.
Most Read| ഹൂതി ആക്രമണം; സൗദിയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പാക്കിസ്‌ഥാനും തുർക്കിയും
































