തിരുവനന്തപുരം: അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതിൽ അതൃപ്‌തിയുമായി മുഖ്യമന്ത്രി വിഡി സതീശൻ. ഔദ്യോഗിക യാത്രയ്‌ക്ക് കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രി ഡിസിപിക്ക് നിർദ്ദേശം നൽകി. ഇന്ന് രാവിലെ കവടിയാറിൽ ഒരു ചടങ്ങിന് എത്തിയപ്പോഴായിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ പൈലറ്റ് വണ്ടിക്ക് മുന്നിൽ ഒരു പോലീസ് ജീപ്പ് കൂടി അധികമായി ഉണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ഉടൻ മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഡിസിപിയോട് തനിക്ക് അധിക സുരക്ഷാ വേണ്ടെന്ന് നിർദ്ദേശിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ശക്‌തമായ സാഹചര്യത്തിൽ സുരക്ഷ വർധിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് ഇന്റലിജൻസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ നടക്കുന്ന വേദികളിലും പരിസരങ്ങളിലുമായി കൂടുതൽ പോലീസുകാരെ വിന്യസിക്കാനായിരുന്നു തീരുമാനം.
എന്നാൽ, ഇത് വേണ്ടെന്ന് മുഖ്യമന്ത്രി തന്നെ ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നതിന് മുൻപ് തന്നെ യാത്രാസുരക്ഷയിൽ സതീശൻ ശൈലീ മാറ്റം പ്രഖ്യാപിച്ചിരുന്നു.
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹന വ്യൂഹവും സുരക്ഷാ ക്രമീകരണങ്ങളും പൈലറ്റും എസ്‌കോട്ടും ഒഴികെ മറ്റു വാഹനങ്ങൾ വേണ്ടെന്നുമായിരുന്നു നിർദ്ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ളോക്ക് ചെയ്യരുതെന്നും ഉന്നത പോലീസ് ഉദ്യോഗസ്‌ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം




































