നെടുമങ്ങാട്: വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ രണ്ട് ജാമ്യാപേക്ഷയും നെടുമങ്ങാട് കോടതി തള്ളി. മാർച്ചിൽ വട്ടിയൂർക്കാവ് വള്ളക്കടവ് ജങ്ഷനിൽ വെച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദ്ദിച്ചതാണ് ഒരു കേസ്.
കഴിഞ്ഞമാസം കാപ്പ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ അക്രമിച്ചതാണ് രണ്ടാമത്തെ കേസ്. കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ. വട്ടിയൂർക്കാവ് സ്റ്റേഷനിൽ 11 കേസും നെടുമങ്ങാട് സ്റ്റേഷനിൽ ഒരു കേസുമാണ് സുഗതനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആറ് വധശ്രമക്കേസുകൾ, ഭീഷണിപ്പെടുത്തൽ, വഴിതടയൽ, പോലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചു തകർക്കൽ, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ആയുധം കൊണ്ട് മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കേസുകളാണ് സുഗതനെതിരെയുള്ളത്.
കാപ്പ കേസിൽ പ്രതിയായിരുന്ന സുഗതന് 2025ൽ കർശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ചത്. എന്നാൽ, കഴിഞ്ഞ മാർച്ചിൽ ക്ഷേത്രോൽസവത്തിലെ ഗാനമേളയോട് അനുബന്ധിച്ച് സിപിഎം പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ സുഗതനെതിരെ വീണ്ടും വധശ്രമത്തിന് കേസെടുക്കുകയായിരുന്നു.
സുഗതനെ കൂടാതെ സുഹൃത്തുക്കളായ മണികണ്ഠൻ, കിരൺ എന്നിവർക്ക് എതിരെയും കേസെടുത്തിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ ജൂൺ ഒമ്പതിനാണ് വീടുവളഞ്ഞ് സുഗതനെ പോലീസ് പിടികൂടിയത്. തുടർന്ന് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































