ന്യൂഡെൽഹി: ഇന്ത്യ-ജപ്പാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ചില കരാറുകളിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകൈച്ചിയും തമ്മിൽ ന്യൂഡെൽഹിയിൽ നടന്ന 16ആംമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിലാണ് നിർണായക തീരുമാനമെടുത്തത്.
നിർമ്മിത ബുദ്ധി (എഐ), പ്രതിരോധം, ഊർജം, സാമ്പത്തിക സുരക്ഷ എന്നിവയിൽ കൂടുതൽ സഹകരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ജപ്പാനിൽ നിന്ന് പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെത്തിക്കാൻ ലക്ഷ്യമാക്കിയുള്ള സഹകരണത്തിനാണ് ധാരണ. സാങ്കേതിക വിദ്യയിലൂന്നിയ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഏറ്റവും ശക്തമായ അടിസ്ഥാനമായി മാറുമെന്ന് ഇരു നേതാക്കളും പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി നിർമ്മിത ബുദ്ധി മേഖലയിൽ വിവിധ ഇന്ത്യൻ, ജാപ്പനീസ് സ്ഥാപനങ്ങൾ തമ്മിൽ കരാറുകളിൽ ഒപ്പിടുകയും ചെയ്തു. ഇതിന് പുറമെ പ്രതിരോധ രംഗത്തും സുപ്രധാനമായ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. സംയുക്ത പ്രതിരോധ വികസന പദ്ധതിയായ ‘യൂണിക്കോൺ നേവൽ ആന്റിന’ സംബന്ധിച്ച കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്.
ഇത് സമുദ്ര സുരക്ഷയ്ക്കും പ്രതിരോധ സാങ്കേതിക വിദ്യക്കും കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലുടനീളം 1000 ബയോഗ്യാസ് പ്ളാന്റുകൾ സ്ഥാപിക്കുന്നതിനായി ഇന്ത്യ-ജപ്പാൻ ബയോഗ്യാസ് ഇനീഷ്യറ്റിവ് ആണ് മറ്റൊരു സുപ്രധാന തീരുമാനം. ഗ്രാമീണ ഉപജീവനത്തിനും ഇന്ത്യയുടെ ഹരിത ഊർജ ലക്ഷ്യങ്ങൾക്കും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലേക്ക് 10 ട്രില്യൺ യെന്നിന്റെ (ഏകദേശം 5.91 ലക്ഷം കോടി രൂപ) ജാപ്പനീസ് നിക്ഷേപം ആകർഷിക്കാനും അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനുമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
Most Read| ഐടി മാനേജർ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി; ജീവിതം ഹാപ്പിയെന്ന് നെസ്രിൻ





































