ന്യൂഡെൽഹി: ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പദവികളിൽ നിന്ന് മാറ്റാൻ ലക്ഷ്യമിട്ടുള്ള 130ആം ഭരണഘടനാ ഭേദഗതി ബില്ലിന് ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അംഗീകാരം നൽകിയേക്കും.
ജൂലൈ 20ന് ആരംഭിക്കാൻ സാധ്യതയുള്ള പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ബിൽ കൊണ്ടുവരുന്നതിന് മുന്നോടിയായിട്ടാണ് ജെപിസി ഇതിന് അംഗീകാരം നൽകുന്നത്. ജൂലൈ 17ന് ജെപിസിയുടെ അംഗീകാരം ബില്ലിന് ലഭിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള മാദ്ധ്യമ റിപ്പോർട്ടുകൾ. രാഷ്ട്രീയ എതിരാളികൾക്ക് നേരെ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബില്ലിനെ പ്രതിപക്ഷം എതിർക്കുന്നുണ്ട്.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, അല്ലെങ്കിൽ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും മന്ത്രിമാർ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ 30 ദിവസം തുടർച്ചയായി അറസ്റ്റിലായി തടവിലാക്കപ്പെട്ടാൽ അവരെ നീക്കം ചെയ്യാനുള്ള വ്യവസ്ഥ ഉൾക്കൊള്ളുന്നതാണ് ബില്ല്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ഓഗസ്റ്റിൽ ബില്ല് അവതരിപ്പിച്ചിരുന്നു. തുടർന്ന് ബിജെപി എംപി അപരാജിത സാരംഗി അധ്യക്ഷനായ 31 അംഗ പാർലമെന്ററി പാനൽ ഇത് പരിശോധിക്കാൻ രൂപീകരിക്കുകയും ചെയ്തു. എന്നാൽ, തങ്ങളുടെ ആശങ്കകൾ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംപിമാർ ജെപിസിയുടെ നടപടികൾ ബഹിഷ്കരിച്ചിരുന്നു.
Most Read| ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ആരംഭിച്ച് റഷ്യ




































