പ്രതിപക്ഷ സമ്മർദ്ദം; എഫ്‌സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിട്ട് ലോക്‌സഭ

പ്രതിപക്ഷ സമ്മർദ്ദത്തെ തുടർന്നാണ് ബിൽ 31 അംഗ ജെപിസിക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.

By Senior Reporter, Malabar News
Loksabha FCRA Ammendment Bill

ന്യൂഡെൽഹി: എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ സംയുക്‌ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ട് ലോക്‌സഭ. ഇത് സംബന്ധിച്ച പ്രമേയം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് അവതരിപ്പിച്ചത്. പ്രതിപക്ഷ സമ്മർദ്ദത്തെ തുടർന്നാണ് ബിൽ 31 അംഗ ജെപിസിക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.

പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ കടുത്ത എതിർപ്പുമായി കെസി വേണുഗോപാൽ എംപി രംഗത്തെത്തി. ബിൽ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും കാര്യോപദേശ സമിതിയിൽ അക്കാര്യം വ്യക്‌തമാക്കിയതാണെന്നും കെസി പറഞ്ഞു. ഇത് ക്രിസ്‌ത്യൻ സംഘടനകളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ആർഎസ്എസ് അടക്കം വിദേശ സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. അവരെ ഒഴിവാക്കി കൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവരുന്നതെന്നും എംപി വിമർശിച്ചു.

പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജ്‌ജുവും രംഗത്തെത്തി. ഇത്രയും ദിവസം ജെപിസിക്ക് വിടാനാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്ന് റിജ്‌ജു പറഞ്ഞു. ഇതോടെ സഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. ഒരു വ്യവസ്‌ഥ പോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്നും അവരുടെ ക്ഷേമം മാത്രമാണ് ലക്ഷ്യമെന്നും ഒരു സ്‌ഥാപനത്തെയും ഉന്നം വയ്‌ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്‌പീക്കർ പ്രമേയം പാസാക്കി. ഭേദഗതി ബിൽ സംയുക്‌ത പാർലമെന്ററി സമിതിക്ക് വിട്ടു. പ്രതിഷേധം ശക്‌തമായതോടെ മൂന്നുമണിവരെ ലോക്‌സഭ നിർത്തിവെച്ചു. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും കേരള നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിൽ ചർച്ചയ്‌ക്കെടുക്കുന്നത്‌ സർക്കാർ അവസാന നിമിഷം മാറ്റിവച്ചിരുന്നു.

അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ ഡെൽഹിയിൽ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങി ആഭ്യന്തര മന്ത്രി അമിത് ഷാ. സഭയിലെത്തി പോലീസ് നടപടിയിൽ വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാൽ, ദിവസങ്ങളായി സഭയിൽ അമിത് ഷാ ഹാജരായിരുന്നില്ല. ഇതിന്റെ പേരിൽ സഭാ നടപടികൾ തുടർച്ചയായി തടസപ്പെടുന്നതിനെ തുടർന്നാണ് അമിത് ഷാ അനുനയത്തിന്റെ പാത തുറന്നത്. ബുധനാഴ്‌ച വൈകീട്ട് മൂന്നുമണിമുതൽ വിഷയത്തിൽ ചർച്ചയാവാമെന്നും താൻ വിശദമായ പ്രസ്‌താവന നൽകുമെന്നുമാണ് അമിത് ഷാ അറിയിച്ചത്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE