ന്യൂഡെൽഹി: ഡെൽഹി ജന്തർ മന്തറിലെ വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിൽ എത്തിയേക്കും. ദിവസങ്ങളായി സഭയിൽ എത്താതിരുന്ന ആഭ്യന്തര മന്ത്രിയുടെ അസാന്നിധ്യത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
ഡെൽഹിയിൽ വിദ്യാർഥികളെ തല്ലിച്ചതച്ചതിന് അമിത് ഷായും അയോധ്യയിലെ സംഭവനക്കൊള്ളയിൽ പ്രധാനമന്ത്രിയും മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, ഏത് മന്ത്രി എപ്പോൾ സംസാരിക്കണമെന്ന് പ്രതിപക്ഷം തീരുമാനിക്കേണ്ടെന്ന നിലപാടിൽ കേന്ദ്ര സർക്കാരും ഉറച്ചുനിന്നതോടെ സഭാ നടപടികൾ തുടർച്ചയായി തടസപ്പെട്ടിരുന്നു.
ഈ സമ്മേളന കാലയളവിൽ ഒരു ദിവസം പോലും അമിത് ഷാ പാർലമെന്റിൽ വന്നിട്ടില്ല. പ്രധാനമന്ത്രി ആദ്യ ദിനം മാത്രമാണ് സഭയിൽ എത്തിയത്. കാര്യമായ ചർച്ചയില്ലാതെയാണ് ബില്ലുകൾ പാസാക്കിയത്. ചോദ്യക്കടലാസ് ചോർച്ചയിൽ കടുത്തശിക്ഷ ഉറപ്പാക്കുന്ന ബില്ലിൽ മാത്രമാണ് പ്രതിപക്ഷ അംഗങ്ങൾ പൂർണസമയം ചർച്ചകളിൽ പങ്കാളികളായത്.
15 ദിവസങ്ങളിലായി 90 മണിക്കൂർ ചേരേണ്ടിയിരുന്ന ലോക്സഭ 15.36 മണിക്കൂർ മാത്രമാണ് ഇതുവരെ സമ്മേളിച്ചത്. രാജ്യസഭ 24.21 മണിക്കൂറും. 13നാണ് സമ്മേളനം അവസാനിക്കുക. ഇന്ന് മുതലുള്ള നാല് ദിവസങ്ങളിൽ ലോക്സഭയിൽ അമിത് ഷായുടെ പേരിൽ രണ്ട് ബില്ലുകൾ ഉൾപ്പടെ നാല് ബില്ലുകളും രാജ്യസഭയിൽ രണ്ട് ബില്ലുകളുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ‘കേരള’ എന്ന പേര് മാറ്റി ‘കേരളം’ എന്നാക്കുന്നതിനുള്ള ബില്ലാണ്. ഇതിന് പുറമെ ദേശീയ കോ-ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (ഭേദഗതി) ബില്ലും അവതരിപ്പിക്കും. അതേസമയം, വലിയ വിവാദങ്ങൾക്ക് വഴിവെച്ച എഫ്സിആർഎ ബിൽ ഇന്നത്തെ പട്ടികയിൽ ലിസ്റ്റ് ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































