ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കുമെതിരെ സമഗ്ര അന്വേഷണം നടക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഡെൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കിയതിനെ രണ്ട് കമ്മീഷണർമാർ എതിർത്തുവെന്നതാണ് ഇന്ത്യൻ എക്‌സ്‌പ്രസ് വാർത്ത. താൻ ഉന്നയിച്ച വോട്ട് ചോരിയും വിരൽ ചൂണ്ടിയത് അക്കാര്യം തന്നെ. ഭരണഘടനാ സ്‌ഥാപനങ്ങളെ ഇവർ തകർത്തു. ഭാവിയിൽ ജനങ്ങൾ നിങ്ങളെ ശിക്ഷിക്കുമെന്നും രാഹുൽ പറഞ്ഞു.
ബിജെപി സർക്കാർ 30 മുതൽ 50 വർഷം വരെ ഭരിക്കുമെന്ന അമിത് ഷായുടെ വീഡിയോ പ്രദർശിപ്പിച്ചാണ് രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്. ഒരു രാഷ്‌ട്രീയ പാർട്ടിക്കും ഇങ്ങനെ പറയാനാകില്ലെന്നും ഒരു രാഷ്‌ട്രീയ കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
ബംഗ്ളാദേശ് യുദ്ധവിജയത്തിന് ശേഷം പോലും ഇന്ദിരാഗാന്ധി സർക്കാർ തോറ്റ ചരിത്രമുണ്ട്. എന്നിരിക്കെ എന്ത് ഉറപ്പിലാണ് ബിജെപി നേതാക്കൾ ഇങ്ങനെ സംസാരിക്കുന്നത്? ബിജെപി വിജയങ്ങളിൽ ഭരണവിരുദ്ധ വികാരമില്ലേ. ബിജെപിയുടെ വിജയം എങ്ങനെ സംഭവിക്കുന്നു എന്നതിനുള്ള ഉത്തരമാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് കൂട്ടിച്ചേർത്തു.
നമ്മുടെ വോട്ടുകളും ഭരണഘടനയും തകർക്കപ്പെടുകയാണ്. ജനങ്ങളുടെ വോട്ട് സംരക്ഷിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ തകർക്കപ്പെടുകയാണെങ്കിൽ മറ്റു ഭരണഘടനാ സ്‌ഥാപനങ്ങൾക്കും നിലനിൽപ്പ് ഇല്ലാതെയാകും. മോദി, അദാനി മുതൽ ഗ്യാനേഷ് കുമാർ വരെയുള്ളവരാണ് ഗൂഢാലോചനയ്‌ക്ക് പിന്നിൽ. ഇവർ ജനങ്ങളുടെ വോട്ട് മോഷ്‌ടിക്കുകയാണ്.
ഗ്യാനേഷ് കുമാർ മോദിയുടെയും അമിത് ഷായുടെയും ചോയ്‌സ് ആയിരുന്നു. നമ്മുടെ വോട്ടിങ് സമ്പ്രദായം തകർത്തതിന്റെ പൂർണ ഉത്തരവാദി ഗ്യാനേഷ് കുമാറാണ്. വോട്ട് മോഷ്‌ടിക്കുന്നവർ നടത്തുന്ന നിയമനിർമാണം പൂർണമായും നിയമവിരുദ്ധമാണ്. അടുത്ത 5-6 മാസത്തിനിടെ കാര്യങ്ങൾ കൂടുതൽ വ്യക്‌ത മാകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം


































