തിരുവല്ല: കയ്യിലെ കൊഴുപ്പുനീക്കൽ ശസ്‌ത്രക്രിയയ്‌ക്ക് പിന്നാലെ ഗുരുതരാവസ്‌ഥയിലായ യുവതി മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. തിരുവല്ലയിലെ റെഡ് ലോഞ്ചസ് എന്ന സ്വകാര്യ വെൽനെസ് ക്ളിനിക്കിനെതിരായാണ് കേസ്. വേങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി വിദ്യയാണ് (45) മരിച്ചത്.
അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ശേഖരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പ്രാഥമിക റിപ്പോർട് കൈമാറി. ക്ളിനിക്കൽ നടത്തിയ ശസ്‌ത്രക്രിയക്കിടെ ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ല പോലീസിൽ പരാതി നൽകിയിരുന്നു.
കയ്യിലെ കൊഴുപ്പ് നീക്കാനായി സെപ്‌തംബർ 16ആം തീയതിയാണ് വിദ്യയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കിയത്. ശസ്‌ത്രക്രിയയ്‌ക്ക് മുമ്പായി വിദ്യക്ക് അനസ്‌തേഷ്യ നൽകിയിരുന്നു. തുടർന്ന് 11.30ഓടെ നടത്തിയ ശസ്‌ത്രക്രിയയ്‌ക്കിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
ഉച്ചയ്‌ക്ക് 2.15ഓടെ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രി മരിച്ചു. അനസ്‌തേഷ്യയിലേ പാകപ്പിഴവും തുടർ ചികിൽസ നൽകിയതിലുണ്ടായ കാലതാമസവുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
അതേസമയം, ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ക്ളിനിക്കിന്റെ വിശദീകരണം. ഹൃദയാഘാതമാണ് മരണകരണമെന്നും അധികൃതർ പറഞ്ഞു. വീടിനോട് ചേർന്നുള്ള കടമുറിയിൽ ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു വിദ്യ. മടപ്പള്ളിയിൽ വ്യാപാരിയായ എസ് സന്തോഷ് ആണ് ഭർത്താവ്. സിദ്ധാർഥ് സന്തോഷ്, സംഗീത് സന്തോഷ് എന്നിവരാണ് മക്കൾ. വിദ്യയുടെ സംസ്‌കാരം ഇന്നലെ നടന്നു.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം





































